പാലക്കാട്: കല്ലേക്കാട് എആർ ക്യാംപിലെ സിപിഒ എൻ.കെ. കുമാറിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഡെപ്യൂട്ടി കമാൻഡൻ്റ് ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സഹപ്രവർത്തകരുടെ ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഡെപ്യൂട്ടി കമാൻഡൻ്റ് എൽ. സുരേന്ദ്രൻ, സീനിയർ പൊലീസ് ഓഫീസർ മുഹമ്മദ് ആസാദ്, എഎസ്ഐഎം റഫീഖ്, സിപിഒമാരായ കെ. വൈശാഖ്, സി. മഹേഷ്, വി. ജയേഷ് എന്നിവർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ കുമാറിന് അനുവദിച്ച ക്വാട്ടേഴ്സിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റി. കുമാർ ജോലിക്കും ഹാജരാകുന്നില്ലെന്ന റിപ്പോർട്ട് നൽകിയതും മാനസിക സമ്മർദം ഉണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്ന.
കേസിൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. 2019ജൂലൈ 25നാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കുമാറിനെ കണ്ടെത്തിയത്. അട്ടപ്പാടിയിലെ കുന്നംചാള ആദിവാസി ഉന്നയിലാണ് കുമാറിൻ്റെ വീട്.