പഞ്ചായത്ത് വാങ്ങിയ ഭൂമി ആസ്തിയിൽ ചേർത്തില്ല; രേഖകൾ കാണാനില്ല; ചെറാട് അങ്കണവാടി ഇന്നും വാടകക്കെട്ടിടത്തിൽ!

96,000 രൂപ നൽകി മലമ്പുഴ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലെ ഭൂമിയാണ് പഞ്ചായത്ത് ഭരണസമിതി വാങ്ങിയത്
ചെറാട് അങ്കണവാടിക്കായി വാങ്ങിയ ഭൂമി
ചെറാട് അങ്കണവാടിക്കായി വാങ്ങിയ ഭൂമിSource: News malayalam 24x7
Published on
Updated on

മാറി വന്ന ഭരണസമിതികളുടെ അനാസ്ഥയിൽ പാലക്കാട് ചെറാട് അംഗനവാടി കെട്ടിട നിർമാണം അവതാളത്തിൽ തുടരുന്നു. അംഗനവാടി കെട്ടിടത്തിനായി 2016ൽ അകത്തേത്തറ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിൻ്റെ രേഖകൾ കാണാനില്ല. 96,000 രൂപ ചെലവിട്ട് വാങ്ങിയ ഭൂമി, ആസ്തിയിൽ ചേർക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഉദ്യോഗസ്ഥ അനാസ്ഥമൂലം കാൽനൂറ്റാണ്ടായി വാടകകെട്ടിടത്തിലാണ് അംഗനവാടി പ്രവർത്തിക്കുന്നത്.

കുരുന്നുകൾക്കായി ആധുനിക രീതിയിൽ അംഗനവാടി നിർമിക്കാൻ അന്നത്തെ മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു നടപടി. 96,000 രൂപ നൽകി മലമ്പുഴ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് കീഴിലെ ഭൂമിയാണ് പഞ്ചായത്ത് ഭരണസമിതി വാങ്ങിയത്. ആ വർഷം തന്നെ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് നിയമപരമായി രേഖകൾ പഞ്ചായത്തിന് കൈമാറി. എന്നാൽ 2020 വരെ പഞ്ചായത്ത് ഭരണസമിതി സ്ഥലം, പഞ്ചായത്തിൻ്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് വന്ന ഭരണസമിതിയും സെക്രട്ടറിമാരും അനാസ്ഥ തുടർന്നതോടെ വാങ്ങിയ സ്ഥലത്തിന് രേഖകളില്ലാതായി.

2022 - 23 കാലയളവിൽ ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റടുപ്പിൽ ഒരു സെൻ്റ് ഹൈവേ അതോറിറ്റി ഏറ്റെടുത്തു. പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സെൻ്റിന് നാല് ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരമായി ലഭിക്കുമായിരുന്നു. ഇത് നഷ്ടപെടുത്തിയെന്ന് മാത്രമല്ല, ഭൂമി കെെവിട്ടുപോവുകയും ചെയ്തു. ഹൈവേ വരുന്നതിനാൽ ഈ ഭൂമിയിൽ ഇനി അംഗനവാടി സാധ്യമല്ലെന്ന അവസ്ഥയായി.

26 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് ചെറാട് അംഗനവാടി പ്രവർത്തിക്കുന്നത്. അടിയന്തരമായി സർക്കാരും, ബന്ധപ്പെട്ട വകുപ്പുകളും, ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന് രേഖകൾ ഇല്ലാതായതിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവും ശക്തമാണ്.

News Malayalam 24x7
newsmalayalam.com