ആർഎസ്എസ് ബന്ധ വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ താക്കീതിന്റെ സ്വരത്തിൽ വിമർശിച്ച് മുഖ്യമന്തി പിണറായി വിജയൻ. മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ താക്കീത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് വിമർശനം.
വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി എം.വി. ഗോവിന്ദന് നേരെ വിമർശനമുന്നയിച്ചത്. എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും പിണറായി വിജയൻ നൽകി. അതേസമയം നിലമ്പൂരിൽ വിജയപ്രതീക്ഷയില്ലെന്ന തരത്തിലും പിണറായി വിജയൻ സംസാരിച്ചു. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ നിലമ്പൂരിൽ ജയമോ തോൽവിയോ പ്രശ്നമാക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ പരാമർശം വളച്ചൊടിച്ചുവെന്ന് വാദവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയെങ്കിലും പരാമർശം കോൺഗ്രസ് വിവാദമാക്കി കഴിഞ്ഞിരുന്നു. ബിജെപി വോട്ട് കിട്ടാൻ പഴയ കാലത്തെ കുറിച്ചുള്ള പ്രണയാർദ്രമായ ഓർമപ്പെടുത്തലാണ് ഗോവിന്ദൻ നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം.
ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോൾ പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ഗോവിന്ദൻ്റെ പരാമർശം സിപിഐഎമ്മിൻ്റെ ചരിത്ര രേഖയിൽ ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പറഞ്ഞു.
അതേസമയം നിലമ്പൂരിലെ ജനവിധിയറിയാൻ ഒരു രാത്രി മാത്രം ബാക്കി നിൽക്കെ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ജയിച്ച് നിയമസഭയിലെത്തുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് അൻവർ. സിപിഐഎം സ്ഥാനാർഥി എം. സ്വരാജ് രണ്ടാം സ്ഥാനത്തും, കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മൂന്നാമതുമെത്തുമെന്നാണ് അൻവറിൻ്റെ പ്രവചനം. പ്രാദേശിക സർവേ നടത്തിയപ്പോൾ ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും പി. വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
നാളെ രാവിലെ എട്ട് മണിക്കാണ് നിലമ്പൂരിലെ വോട്ടെണ്ണൽ ആരംഭിക്കുക. 263 ബൂത്തുകളിൽ 14 ടേബിളുകളിലായി 19 റൗണ്ടുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയ നിലമ്പൂരിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും വലിയ വിജയപ്രതീക്ഷയിലാണ് മുന്നണികൾ.