തിരുവനന്തപുരം: തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്നും സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലമാണ് അദ്ദേഹം മറുപടി നല്‍കുകയത്.
2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. ഇതിനുമുന്‍പ് വേതനം പരിഷ്‌കരിച്ചത് 2018ലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനെക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏഴ് വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം ഉയര്‍ത്തുന്നത്.
ജനുവരി 15നാണ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൂലി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.