"കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നേടിയെടുക്കാൻ കിഫ്ബി സഹായിച്ചു, നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ടുപോകും"

കിഫ്ബിയുടെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
"കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നേടിയെടുക്കാൻ കിഫ്ബി സഹായിച്ചു, നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ടുപോകും"
Published on

തിരുവനന്തപുരം: 2016ൽ കിഫ്ബിയെ ഉയർത്തിക്കൊണ്ട് വന്നതിന് ശേഷം വേർതിരിവില്ലാതെ വികസനത്തിനാണ് കിഫ്ബിയുടെ പണം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദശാബ്ദങ്ങൾ കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളാണ് ഇതിലൂടെ ഇപ്പോൾ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കിഫ്ബിയുടെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായുള്ള കിഫ്ബി വാട്സ്ആപ്പ് ബോട്ടും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

"സാമ്പത്തിക സ്രോതസ് ആകുമെന്ന് കരുതിയാണ് കിഫ്ബിയെ പുനർജീവിപ്പിച്ചത്. 2016ൽ കിഫ്ബിയെ ഉയർത്തിക്കൊണ്ട് വന്നതിന് പിന്നാലെ വേർതിരിവില്ലാതെ വികസനമാണ് ഉണ്ടായത്. ജനങ്ങളുടെ മനസ് കുളിരും വിധമാണ് കിഫ്ബിയുടെ പണം ഉപയോ​ഗിച്ച് സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കപ്പെട്ടത്. ആരോഗ്യരംഗത്തെ മാറ്റങ്ങൾക്കും കിഫ്ബി പ്രധാന പങ്കുവഹിച്ചു. കിഫ്ബിയെക്കുറിച്ച് എല്ലാവർക്കും അറിയാം. കൂടുതൽ പറയുന്നില്ല. കിഫ്ബിയുടെ പ്രസക്തിയാണ് ഇപ്പോൾ ഗൗരവമായി ആലോചിക്കേണ്ടത്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നേടിയെടുക്കാൻ കിഫ്ബി സഹായിച്ചു", മുഖ്യമന്ത്രി.

രാജ്യത്തെ പല കാര്യങ്ങളിലും നാം ഒന്നാം സ്ഥാനത്ത് എത്തി. അത് നമുക്ക് വലിയ വാർത്തയല്ല. എന്നാൽ ലോകത്ത് തന്നെ നാം ഒന്നാമത് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് അമേരിക്കയാണ് സമ്പദ്സമൃതമായ രാജ്യം. എന്നാൽ അമേരിക്കയെക്കാൾ ശിശുമരണ നിരക്ക് കുറവുള്ളത് കേരളത്തിലാണ്. കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള നേട്ടം കൈവരിക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലും കിഫ്ബിയുടെ സഹായം ഉണ്ട്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറിയില്ലെങ്കിൽ കാലം നമ്മെ കാത്തുനിൽക്കില്ല. കാലം അതിനനുസരിച്ച് പോകും. ഭാവി തലമുറ നമ്മെ കുറ്റപ്പെടുത്തും. നാടിൻ്റെ വികസന കാര്യങ്ങളിൽ തടസം വരുത്തുന്ന കാര്യങ്ങൾ സർക്കാർ ചെയ്യില്ല. എപ്പോഴും വികസന കാര്യങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ട് നയിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. ക്ഷേമ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യ നിർമാർജനം സാധ്യമാവുന്നു. പെൻഷനിലൂടെ ആരെയും ആശ്രയിക്കാതെ ജീവിക്കാം. എല്ലാവരും വികസനത്തിൻ്റെ സ്വാദ് അറിയണം. എല്ലാവരിലേക്കും വികസനം എത്തണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കിഫ്ബി ഫണ്ട് വാങ്ങിയതിൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പണം ചെലവാക്കിയത് വികസനങ്ങൾക്കായാണ്. വാങ്ങിയ ഫണ്ട് തിരിച്ചടയ്ക്കുകയും ചെയ്തു. മസാല ബോണ്ടിലെ വിവാദങ്ങൾ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി കഫ്ബിയെ കൊണ്ടുപോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com