ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചായിരുന്നു പരിപാടിയുടെ ഉദ്ഘാടനം...
ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Source: FB
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി, 'പ്രിയദർശിനി' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല പദ്ധതി, അവകാശമെന്ന് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യയാത്ര സ്ത്രീകളോടുള്ള ആദരവാണ്, സ്ത്രീകൾക്ക് അഭിമാനത്തോടെ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ സി.പി. ജോൺ, കെ.എ. തുളസി, ബിന്ദു കൃഷ്ണ, ഗതാഗത സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ സീറോ ചാർജ് ടിക്കറ്റ് മുഖ്യമന്ത്രി കൈമാറി. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും ബസിൽ യാത്രക്കാർക്കൊപ്പം ആദ്യയാത്ര നടത്തി. ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു. ജില്ലാതല ഉദ്ഘാടന പരിപാടികൾക്ക് മന്ത്രിമാരും ജനപ്രതിനിധികളും നേതൃത്വം നൽകി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3,125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യ യാത്ര. ഈ വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരൻ്റി എന്ന പേരിൽ കോൺഗ്രസ് മുന്നോട്ട് വച്ച അഞ്ച് ഗ്യാരൻ്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി. സൗജന്യ യാത്രയ്ക്കായുള്ള ചില നിർദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പങ്കുവച്ചിട്ടുണ്ട്.

ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
എന്താ വെറൈറ്റി അല്ലേ...; കൊച്ചിയിൽ പുരുഷന്മാർക്ക് സൗജന്യയാത്ര ഒരുക്കാൻ സ്വകാര്യ ബസുടമ

നിർദേശങ്ങൾ:

- സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു '0' ടിക്കറ്റ് എടുക്കേണ്ടതാണ്.

- ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.

- നിങ്ങളുടെ കൂടെ 5 മുതൽ 11 വയസ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.

- പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം.

- പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.

- സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

- സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.

News Malayalam 24x7
newsmalayalam.com