ചാർട്ടേഡ് വിമാന യാത്ര: ഇനിയും പോകും, അതില്‍ എന്താണ് തെറ്റ്? ആരാണ് പണം മുടക്കിയതെന്ന് എന്തിനു പറയണമെന്ന് മുഖ്യമന്ത്രി

"ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും സ്വകാര്യ വ്യക്തികളുടെ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പിണറായിയും ഉമ്മൻ ചാണ്ടിയും അങ്ങനെ പോയിട്ടുണ്ട്"
ചാർട്ടേഡ് വിമാന യാത്ര: ഇനിയും പോകും, അതില്‍ എന്താണ് തെറ്റ്? ആരാണ് പണം മുടക്കിയതെന്ന് എന്തിനു പറയണമെന്ന് മുഖ്യമന്ത്രി
Published on
Updated on

മലപ്പുറത്തെ മഴക്കെടുതി പ്രദേശങ്ങളിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയുന്നത് എന്തിനെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചത്. മുമ്പ് നടത്തിയ യാത്രയും ചിലര്‍ വിവാദമാക്കിയിരുന്നു. വിമാനയാത്രയ്ക്ക് സര്‍ക്കാരിന്റെ പണം ചെലവായിട്ടില്ല. മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്തതാണ്. താന്‍ ഇനിയും പോകും, അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ ആറു പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. മലയാളിയായ ഒരാള്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. ഇനിയും അങ്ങനെ പോകും. അതില്‍ എന്താണ് തെറ്റ്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും സ്വകാര്യ വ്യക്തികളുടെ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പിണറായി വിജയനും ഉമ്മൻ ചാണ്ടിയും അങ്ങനെ പോയിട്ടുണ്ട്.

ഒരു ദുരന്ത സ്ഥലത്തേക്ക് പോകുന്നതിന് യാത്ര തരപ്പെടുത്തിയതിന്റെ പേരിൽ നാളെ എന്തെങ്കിലും ഔദാര്യം വേണമെന്ന് പറഞ്ഞു വരുന്നവരല്ല അവര്‍. അങ്ങനെ കൊടുക്കുന്ന സര്‍ക്കാരുമല്ല. സർക്കാര്‍ ഖജനാവിൽ നിന്ന് പണമെടുത്ത് ഒരു ദുരന്ത സ്ഥലത്തേക്ക് എന്തിന് യാത്ര നടത്തണം. സ്പോൺസർ ആരാണെന്ന് ജനങ്ങളോട് പറയേണ്ടേ എന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

News Malayalam 24x7
newsmalayalam.com