തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് രാവിലെ 11.15നാണ് കൂടിക്കാഴ്ച. ഉച്ചയക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെയും മുഖ്യമന്ത്രി കാണും. കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതും ചർച്ചയായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൗത്യം.
കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ.സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായി.