ഭാരതാംബ വിവാദത്തിൽ സർക്കാർ നിലപാടറിയിച്ച് മുഖ്യമന്ത്രി; ഗവർണർക്ക് കത്ത് നൽകി

ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും സർക്കാർ പരിപാടികളിൽ പാടില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു
പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർ
പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർSource: Kerala Governor / X
Published on

കാവിക്കൊടി ഏന്തിയ ഭാരതാംബ വിഷയത്തിൽ സർക്കാറിൻ്റെ എതിർപ്പ് ഗവർണറെ അറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും സർക്കാർ പരിപാടികളിൽ പാടില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.

ഭാരതാംബ ചിത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കേണ്ടതെന്നാണ് കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം, കത്തിന് ഗവർണർ നൽകുന്ന മറുപടി നിർണായകമാകും. സർക്കാരിൻ്റെയോ, രാജ്ഭവനോ സംഘടിപ്പിക്കുന്ന പരിപാടികളിൽ തുടർന്നും കാവിക്കൊടി ഏന്തിയ ഭാരതാംബ ചിത്രം ഉപയോ​ഗിക്കുമെന്നാണ് ​ഗവർണരുടെ മറുപടിയെങ്കിൽ അത് സർക്കാരും ​ഗവർണറും തമ്മിലുള്ള തുറന്നപോരിലേക്ക് വഴിവെക്കും.

പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർ
SPOTLIGHT | ഭരണഘടനയില്‍ ഇല്ല! പക്ഷേ, ഭാരതാംബയെന്ന പേര് കേട്ടാല്‍?

രാജ്ഭവനിൽ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങിലാണ് 'ഭാരതാംബ' ചിത്ര വിവാദം വീണ്ടും ഉയർന്നുവന്നത്. ആർഎസ്എസ് ശാഖകളിൽ ഉപയോ​ഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം പരിപാടിയില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി ശിവന്‍കുട്ടി പരിപാടിയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.

ഗവർണർ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഇത്തരത്തില്‍ ഇറങ്ങിപ്പോയത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്‌ഭവനും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ 'ഇറങ്ങിപ്പോക്ക്' ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്‌ഭവന്‍ വാർത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. എന്നാല്‍, ഗവർണർ രാഷ്ട്രീയ അജണ്ടയോടെ പെരുമാറുന്നു എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. ഗവർണറുടെ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com