വിദ്യാർഥികളെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ മുൻമന്ത്രി കെ. ടി. ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേയെന്ന് ചോദിക്കുകയും, മേൽവിലാസം തെറ്റിച്ച കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ്റെ നടപടി.
അതേസമയം, അനുമോദന ചടങ്ങിൽ കെ.ടി. ജലീൽ തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ രംഗത്തെത്തി. അദ്ദേഹം ഒരു അധ്യാപകനെപ്പോലെയാണ് പെരുമാറിയതെന്നും സ്റ്റേജിൽ ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കുട്ടികൾ പറഞ്ഞു.
ചടങ്ങിൻ്റെ വീഡിയോ വൻ വിവാദമായതോടെ അന്വേഷണത്തിന് നിർദേശം നൽകിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ നേരത്തെ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി എന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണവുമായി കെ ടി ജലീലും രംഗത്തെത്തി. കുട്ടികളെ കാണുമ്പോൾ തന്നിലെ അധ്യാപകൻ ഉയർന്നു വരുമെന്നും തമാശയിലൂടെ ദേഷ്യപ്പെട്ട് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് തൻ്റെ രീതി ആണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവ പരിപാടിക്കിടയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിദ്യാർഥികളെ ശാസിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുകയുമായിരുന്നു. ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ സംസം എന്ന വാക്കിന്റെ അർത്ഥം, പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത് തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിച്ചിരുന്നു.