"സര്‍ക്കസിലെ ട്രെയിനിങ് രീതിയല്ല സ്‌കൂളുകളില്‍ കുട്ടികൾക്ക് ആവശ്യം"; പാലക്കാട് ജീവനൊടുക്കിയ 14കാരിയുടെ വീട് സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ

സർക്കസിൽ ട്രെയിനിങ് കൊടുക്കുന്നതു പോലുള്ള രീതികൾ അല്ല വേണ്ടത്, കുട്ടികൾക്ക് സന്തോഷം നൽകുന്ന സാഹചര്യങ്ങളാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു.
Ashirnanda
ആശിർനന്ദ, ബാലാവകാശ കമ്മീഷൻ ആശിർനന്ദയുടെ വീട്ടിൽSource: News Malayalam 24x7
Published on

പാലക്കാട് ജീവനൊടുക്കിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ആശിർനന്ദയുടെ വീട് സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ. മരിച്ച ആശിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലാണ് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചത്. സഹപാഠികളെയും അധ്യാപകരെയും കാണാൻ കമ്മീഷൻ ചെയർമാൻ എത്തി. സ്കൂളിലെത്തി ആശിർനന്ദയുടെ സഹപാഠികളായ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളേയും കമ്മീഷൻ കേൾക്കും.

നിരവധി സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് സമാന പരാതി ലഭിക്കുന്നുണ്ട് എന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് സമാന പരാതി ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. ഇത് വളരെ ഗൗരവത്തോടെ സമീപിക്കേണ്ട സമയമായിരിക്കുന്നു. ഇത്തരം സ്കൂളുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമനിർമാണം ഉണ്ടാകണമെന്നും കെ.വി. മനോജ് കുമാർ പറഞ്ഞു. സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സർക്കസിൽ ട്രെയിനിങ് കൊടുക്കുന്നതു പോലുള്ള രീതികൾ അല്ല വേണ്ടത്, കുട്ടികൾക്ക് സന്തോഷം നൽകുന്ന സാഹചര്യങ്ങളാണെന്നും കെ.വി. മനോജ് കുമാർ പറഞ്ഞു.

Ashirnanda
പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: "മരണത്തിന് കാരണം അഞ്ച് അധ്യാപകർ"; ആശിർനന്ദയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ്

പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആശിർനന്ദയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ആശിർനന്ദയുടെ സുഹൃത്താണ് കുറിപ്പ് പൊലീസിന് കൈമാറിയത്. സുഹൃത്തിൻ്റെ പുസ്തകത്തിൻ്റെ പിറകുവശത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. സ്കൂളിലെ അഞ്ച് അധ്യാപകരുടെ പേരുകൾ കുറിപ്പിലുണ്ടെന്നും ആശിർനന്ദയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുറിപ്പിലേത് ആശിർനന്ദയുടെ കയ്യക്ഷരമാണോ എന്നടക്കം പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാർഥി ആശിർനന്ദയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നടത്തിയ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആശിർനന്ദയെ നിലവിലുള്ള ക്ലാസിൽ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്താണ് ആശിർനന്ദ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സെൻ്റ്. ഡൊമിനിക് സ്കൂളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും, ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മറ്റ് വിദ്യാർഥികളും പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com