"പാമ്പ് കടിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല"; എട്ടു വയസുകാരൻ്റെ മരണത്തിൽ വീഴ്ചയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്

സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകും
"പാമ്പ് കടിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല"; എട്ടു വയസുകാരൻ്റെ മരണത്തിൽ വീഴ്ചയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്
Published on
Updated on

=തിരുവനന്തപുരം: ചിറയിൻകീഴ് എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചതിൽ വിശദീകരണവുമായി ചിറയൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്. പാമ്പ് കടിച്ചെന്ന് രക്ഷിതാക്കൾ പറഞ്ഞില്ലെന്ന് സൂപ്രണ്ട് ഡോ. ഷീജ ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്തോ കടിച്ചെന്ന് മാത്രമാണ് പറഞ്ഞത്. ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ല. 20 മിനിറ്റിനകം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നും ഡോ. ഷീജ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി. ആൻ്റിവെനം ആശുപത്രിയിൽ ഉണ്ടായിരുന്നു. പാമ്പ് കടിച്ചെന്ന് പറഞ്ഞാൽ മാത്രമാണ് ആൻ്റിവെനം നൽകുക. കുട്ടി ഛ‍ർദ്ദിച്ചപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നും ഷീജ ന്യൂസ് മലയാളത്തോട്.

അതേസമയം, സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകും. ചികിത്സ നിഷേധിച്ചെന്ന കുട്ടിയുടെ അച്ഛന്റെ ആരോപണത്തെ തുടർന്നാണ് ഡിഎംഒ അടിയന്തരമായി റിപ്പോർട്ട് തേടിയത്. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമികമായി ഡിഎംഒയ്ക്ക് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയിരിക്കുന്ന വിവരം. നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ടും പൊലീസും അറിയിച്ചു.

നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നാണ് മരിച്ച ദിക്ഷലിന്റെ പിതാവ് ദിലീപ് അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നും ആശുപത്രിയിലേക്ക് പ്രതിഷേധങ്ങൾ ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയത്. കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. പാമ്പ് കടിയേറ്റ ഉടനെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്നായിരുന്നു ആരോപണം.

"പാമ്പ് കടിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല"; എട്ടു വയസുകാരൻ്റെ മരണത്തിൽ വീഴ്ചയില്ലെന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ഡിഎംഒ

എന്നാൽ, പ്രാഥമികമായ ടെസ്റ്റുകളിൽ കുട്ടിയെ പാമ്പ് കടിച്ചതായി കണ്ടെത്തിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിൽ ആന്റിവെനം ഉണ്ടായിരുന്നു, ആൻ്റി വെനം നൽകാത്തത് പാമ്പുകടി സ്ഥിരീകരിക്കാത്തതിനാലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. കാലിൽ എന്തോ കടിച്ചു എന്നാണ് പറഞ്ഞത്. പാമ്പ് കടിയേറ്റതാണോ എന്ന് സംശയം ഉണ്ടായി. പാമ്പ് കടിച്ചോ എന്നറിയാനുള്ള ബ്ലഡ് ടെസ്റ്റുകൾ നടത്തി. അത് നോർമൽ ആയിരുന്നു. ടെസ്റ്റിൽ മറ്റ് പ്രശ്നങ്ങൾ കണ്ടെത്തിയില്ല. തുടർന്നും കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പുലര്‍ച്ചെ 4.30 ഓടു കൂടിയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. മരിച്ച കുഞ്ഞിന്റെ തൊട്ടടുത്ത് സഹോദരി ഉണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com