
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ശനിയാഴ്ച നടന്ന കൊലപാതകത്തിലെ പ്രതി സണ്ണി സൈക്കോയെന്ന് അന്വേഷണ സംഘം. ഇയാൾ കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയെന്നും പൊലീസ് കണ്ടെത്തി. സണ്ണി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
മരിച്ചത് തമിഴ്നാട് സ്വദേശി ആണെന്നാണ് സംശയം. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സ്വവർഗാനുരാഗി ആയ പ്രതി ശനിയാഴ്ച ബീവറേജിൽ വച്ചാണ് മരിച്ച യുവാവിനെ പരിചയപ്പെട്ടത്. സമാനമായി ഇയാൾ സ്ഥിരമായി പലരെയും വീട്ടിൽ കൊണ്ടുവരുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സണ്ണി ആറ് വർഷം മുമ്പാണ് ജയിൽ മോചിതനായത്.
സണ്ണി കൊല നടത്തിയത് സ്വവർഗരതിക്കിടെ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച വ്യക്തി നേരത്തെയും സണ്ണിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് സൂചന. സണ്ണി മുൻപ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ച ഇതര സംസ്ഥാനക്കാരനെ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അജ്ഞാതനായ യുവാവിനെ സണ്ണി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിച്ചു. മരിച്ചയാൾക്ക് ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും ശക്തമായ അടി ഏറ്റിട്ടുണ്ട്. ഇതിന് ശേഷം ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.