തൃശൂർ: കേരളത്തിലെ ക്രൈസ്തവസഭകൾ വിവേചനകൾക്ക് നടുവിലാണെന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നൽകാതെ ക്രൈസ്തവരെ തഴയരുത്. അങ്ങനെയുണ്ടായാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ നിലപാട് ശക്തമാക്കുമെന്നും ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. ഇനിയും വിവേചനങ്ങൾ തുടർന്നാൽ രണ്ടാം വിമോചന സമരം നടത്തേണ്ടി വരുമെന്നും തൃശൂർ അതിരൂപത മുന്നറിയിപ്പ് നൽകി.
വിവേചനങ്ങൾ നേരിട്ടപ്പോഴെല്ലാം സഭ ശക്തമായി പോരാടിയിട്ടുണ്ട്. വീണ്ടും അത്തരമൊരു സമരത്തിന് ഇറങ്ങേണ്ട സമയമാണ്. വേണ്ടി വന്നാൽ രണ്ടാം വിമോചന സമരവും നടത്തേണ്ടി വരും. അതിലേക്ക് ഞങ്ങളെ തള്ളിവിടരുത് എന്നാണ് സർക്കാരിനോട് അഭ്യർഥിക്കാനുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നു.
"ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും ഞങ്ങൾക്കും വേണം.ഞങ്ങളെ തഴഞ്ഞാൽ മറ്റുള്ളവരെയും ഞങ്ങൾ തഴയും. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ സമീപനം തന്നെ ആയിരിക്കും സ്വീകരിക്കുക.ഇപ്പോൾ പരസ്യമായി ഒരു നിലപാട് പറയാൻ ആഗ്രഹിക്കുന്നില്ല.സഭ സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസിൽ ഇക്കാര്യങ്ങൾ എല്ലാം വിശദമായി ചർച്ച ചെയ്യും," മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇപ്പോൾ പ്രത്യേകമായൊരു നിലപാട് സഭക്കില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നു. ആരും വോട്ട് പാഴാക്കരുതെന്നും നാടിൻ്റെ നന്മക്ക് ഉതകും വിധം വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കത്തോലിക കോൺഗ്രസ് എന്ന പേരിൽ സ്ഥാനാർഥികൾ ഉണ്ടാകില്ലെന്നും തൃശൂർ അതിരൂപത വ്യക്തമാക്കി.
അതേസമയം മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും തൃശൂർ അതിരൂപത അധ്യക്ഷൻ സംസാരിച്ചു. സഭയും പ്രധാനമന്ത്രിയും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ നയതന്ത്ര നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. അതിനായുള്ള നടപടികൾ തൻ്റെ കാലഘട്ടത്തിൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.