
കണ്ണിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുരുളിക്കൊമ്പന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി വനം വകുപ്പ്. ഇടതു കണ്ണിന്റെ കാഴ്ച 80 ശതമാനവും നഷ്ടപ്പെട്ടു. ചുരുളി കൊമ്പന് രണ്ടാംഘട്ട ചികിത്സ ഉടനുണ്ടാകില്ല. ആനയെ മൂന്നാഴ്ച കൂടി നിരീക്ഷിക്കാനാണ് വിദഗ്ധ സംഘത്തിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കണ്ണിന് പരിക്കേറ്റ പിടി ഫൈവ് എന്ന ചുരുളി കൊമ്പനെ മയക്കുവെടി വെച്ച് ചികിത്സിച്ചത്. ആദ്യഘട്ട ചികിത്സയിലൂടെ ഇടതു കണ്ണിന്റെ പഴുപ്പ് മാറ്റാനായെങ്കിലും കാഴ്ചക്കുറവിന് പരിഹാരമായില്ല. ചികിത്സയ്ക്ക് ശേഷം കാടിനുള്ളില്‍ വെച്ചു കൊമ്പനെ മറ്റൊരു ആന ആക്രമിച്ചിരുന്നു.
കാഴ്ചക്കുറവുള്ളതിനാല്‍ ആക്രമണം പ്രതിരോധിക്കാന്‍ പോലും ആനക്ക് കഴിഞ്ഞില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആനയുടെ ശരീരത്തില്‍ ആഴമുള്ള മുറിവുണ്ടായതോടെ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘമെത്തി പരിശോധിച്ചു.
ആരോഗ്യസ്ഥിതി സങ്കീര്‍ണമായാല്‍ മാത്രം രണ്ടാംഘട്ട ചികിത്സ മതിയെന്നാണ് വിദഗ്ധ സംഘത്തിന്റെ തീരുമാനം. 20 ദിവസത്തെ നിരീക്ഷണം തുടരും. നിലവില്‍ മുഴുവന്‍ സമയവും ആനയെ നിരീക്ഷിക്കുന്നുണ്ട്.