തിരുവനന്തപുരം: പെരിങ്ങമല ബാങ്ക് തട്ടിപ്പിൽ ബിജെപി വാദം പൊളിയുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് ബാങ്കിൽ വായ്പ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റ്. സുരേഷിന് രണ്ട് വായ്പാ കുടിശ്ശികകൾ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. രണ്ടു വായ്പകളും എടുത്തിട്ടുള്ളത് 2014ലാണ്. വായ്പകൾ പലിശ സഹിതം സുരേഷ് തിരിച്ചടയ്ക്കാൻ ഉണ്ട്.
നേരത്തെ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടിരുന്നു. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നായിരുന്നു ഉത്തരവ്. ഇതിൽ സുരേഷ് ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നില്ലെന്ന് ബിജെപി വാദിച്ചിരുന്നു. ഈ വാദങ്ങൾ പൊളിക്കുന്ന രേഖയാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം.
നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായി. ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാനാണ് ഉത്തരവ്.