കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല; മുഖ്യമന്ത്രി-കെഎസ്‌യു ബന്ധം വഷളാകുന്നു?

മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പരിപാടികൾക്കായി കൊല്ലത്തേക്ക് തിരിക്കും
കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല; മുഖ്യമന്ത്രി-കെഎസ്‌യു ബന്ധം വഷളാകുന്നു?
Published on
Updated on

സർക്കാർ പ്ലീഡർ നിയമന വിവാദം പുകയുന്നതിനിടെ കെഎസ്‌യു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടിക്കാഴ്ചയ്ക്കായി ഇന്നലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾ അനുമതി തേടിയത്. ഇതിനായി ഇവർ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച് യാതൊരു മറുപടിയും ലഭ്യമായിട്ടില്ല. കെഎസ്‌യു നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് വിവരങ്ങൾ. അതേസമയം, മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പരിപാടികൾക്കായി കൊല്ലത്തേക്ക് തിരിക്കും.

കെഎസ്‍യുവിന് എതിരായ പരിഹാസ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം പരിധി വിട്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പാർട്ടി യോഗങ്ങൾ ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാനും ആലോചനയുണ്ട്. ഇതിനിടെ അലോഷ്യസ് സേവ്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന ചിത്രത്തിൽ "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ" എന്ന അടിക്കുറിപ്പോടെയാണ് നൽകിയിരുന്നത്.

സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെഎസ്‌യു കമ്മിറ്റികളല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് വഴിവെച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ നേതാവായിരുന്നു എന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നൽകിയതാണ്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹാസം കലർന്ന രീതിയിൽ മറുപടി നൽകുകയായിരുന്നു.

News Malayalam 24x7
newsmalayalam.com