'ഏറ്റവും മികച്ച ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി'; ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

അതൃപ്തി ഉണ്ടായാല്‍ അത് പരസ്യമാക്കുന്നതിലൂടെ നാം നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരിക്കാന്‍ ഇടയാക്കും, എല്ലാവരും ഇതേ കുറിച്ച് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻFacebook/ Pinarayi Vijayan
Published on

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിലില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ശസ്ത്രക്രിയയ്ക്ക് വേണ്ട ചില ഉപകരണങ്ങള്‍ ചിലപ്പോള്‍ ഇല്ലാത്ത സ്ഥിതി ഉണ്ടാകാം. എന്നാല്‍ എപ്പോഴും ഈ നിലയല്ല. അതൃപ്തി ഉണ്ടായാല്‍ അത് പരസ്യമാക്കുന്നതിലൂടെ നാം നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരിക്കാന്‍ ഇടയാക്കും, എല്ലാവരും ഇതേ കുറിച്ച് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന മേഖലാ അവലകോനത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Pinarayi Vijayan
സുരേന്ദ്രനും മുരളീധരനും ഉദ്ഘാടന വിലക്ക്; സംസ്ഥാന ബിജെപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്കോ?

അതേസമയം, ഡോ.ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് തുറന്നെഴുത്തിനും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായി. ക്ഷാമം നേരിട്ടിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇന്ന് രാവിലെ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം എത്തിച്ചു. എന്നാല്‍, ഡോ.ഹാരിസിന്റെ പരസ്യവിമര്‍ശനം സര്‍വീസ് ചട്ടലംഘനമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വിദഗ്ധസമിതി റിപ്പോര്‍ട്ടിന് ശേഷം പേരിനെങ്കിലും ഡോ.ഹാരിസിനെതിരെ നടപടി ഉണ്ടായേക്കും. നടപടിയെടുത്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെജിഎംസിടിഎയും മുന്നറിയിപ്പ് നല്‍കി.

രോഗികള്‍ വേദനസഹിച്ച് കാത്തിരിക്കുന്നതും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പുറംവിപണയില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതമാവുന്നതും സ്ഥിരമായപ്പോഴാണ് ഡോ.ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്കിലൂടെ ദുരവസ്ഥ തുറന്നെഴുതിയത്. ഡോക്ടര്‍ ഉയര്‍ത്തിയ പരാതികളിന്മേല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി.പത്മകുമാര്‍ അധ്യക്ഷനായ നാലംഗ സമിതി അന്വേഷണം തുടരുകയാണ്. ഫയല്‍ നീക്കത്തില്‍ വ്യവസ്ഥയില്ലെന്ന് ചില വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയോട് പറഞ്ഞു. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് നടത്തുന്നതില്‍ ഡോക്ടര്‍ ഡോ.ഹാരിസിനും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Pinarayi Vijayan
ബിജെപി മന്ത്രിയുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും? JSK സിനിമാ വിവാദത്തിൽ പ്രതികരിച്ച് സജി ചെറിയാൻ

ഡോക്ടര്‍ ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമായാണ് വകുപ്പും സര്‍ക്കാരും വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയിലേക്ക് കടക്കുമെന്നാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ പൊതുജനാരോഗ്യപ്രവര്‍ത്തകന്റെ ഉത്തമബോധ്യത്തില്‍ പോരായ്മകള്‍ വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടിയെടുത്താല്‍ അത് മോശം സന്ദേശം നല്‍കുമെന്നും പൊതുജനാഭിപ്രായം എതിരാകുമെന്നും കണ്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. നടപടി താക്കീതില്‍ ഒതുക്കാനാണ് തീരുമാനം. ഡോ.ഹാരിസ് സത്യസന്ധനാണെന്നും സംവിധാനത്തിന്റെ പ്രശ്‌നമാണ് പ്രതിഫലിച്ചതെന്നും ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജും നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍, കേരളത്തിലെ പൊതുജനാരോഗ്യ രംഗം താറുമാറായി എന്നാരോപിച്ച് യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധം തുടങ്ങി. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം പൊലീസുമായി നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ സംസ്ഥാനതല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വഹിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ നടന്ന പ്രതിഷേധം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യകേരളം രാജ്യത്ത് നമ്പര്‍ വണ്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്തുന്ന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഡോ.ഹാരിസ് ചിറയ്ക്കലിന്റെ തുറന്നെഴുത്ത് ഉണ്ടാക്കിയത്. പോസ്റ്റ് പിന്നീട് ഡോക്ടര്‍ പിന്‍വലിച്ചുവെങ്കിലും ഉയര്‍ത്തിയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രി ഇടപെട്ടതും അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചതും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com