മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കോൺഗ്രസിൻ്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; പ്രതിഷേധിച്ച് മന്ത്രിമാരും

അക്രമം നടത്തിയത് പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മന്ത്രി...
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കോൺഗ്രസിൻ്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; പ്രതിഷേധിച്ച് മന്ത്രിമാരും
Source: Files
Published on
Updated on

കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻ്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല, ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണ്. മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നത് രാഷ്ട്രീയ ആഭാസമെന്നും പിണറായി വിജയൻ പ്രതികരിച്ചു. അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്ന് കോൺഗ്രസ് നേതൃത്വം കരുതരുതെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി ആശുപത്രിയിലെത്തി മന്ത്രി വീണാ ജോർജിനെ കണ്ടു.

കെഎസ്‌യുവും യൂത്ത് കോൺഗ്രസും തീക്കട്ട കൊണ്ട് തല ചൊറിയുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കണ്ണൂരിലെ സംഭവം ഏറ്റവും പ്രതിഷേധാർഹമാണ്. പ്രതിഷേധിക്കേണ്ട രീതിയിൽ പ്രതിഷേധിക്കും. ഒരു സ്ത്രീക്ക് നേരെയാണ് അക്രമം നടന്നത്. സോണിയ ഗാന്ധിക്ക് നേരെയാണ് ഇങ്ങനെ നടന്നത് എങ്കിലോ. മോശപ്പെട്ട, നിലവാരമില്ലാത്ത, രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രതിഷേധമാണിത്. അക്രമം നടത്തിയത് പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം കോൺഗ്രസിൻ്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; പ്രതിഷേധിച്ച് മന്ത്രിമാരും
കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണിതെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടുമെന്നും മന്ത്രി പ്രതികരിച്ചു.

വീണാ ജോർജ്ജിനെതിരായ കെഎസ്‌യു ആക്രമണം ഒരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. കോൺഗ്രസിന്റെ അറിവോടുകൂടിയുള്ള ഇത്തരം ആക്രമണ സമരങ്ങൾ കൊണ്ടൊന്നും എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയിൽ ഇടിവ് വരില്ലെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം നിരന്തരമായി നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. തോന്നിവാസം കാണിക്കാൻ ആളുകളെ പറഞ്ഞുവിടുന്നത് വി.ഡി. സതീശനാണ്. ആസൂത്രിതമായി നാലു കെഎസ്‌യുക്കാർ പോയതല്ല. രാഷ്ട്രീയ ഉത്തരവാദിത്വം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മറുപടി പറയണമെന്നും ബാലഗോപാൽ പ്രതികരിച്ചു.

മന്ത്രി വി.എന്‍. വാസവനും ആക്രമണത്തെ അപലപിച്ചു. വീണാ ജോര്‍ജിനെ ആക്രമിക്കുക വഴി കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.

സ്ത്രീയായ ഒരു പൊതുപ്രവര്‍ത്തകക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷനേതാവിന്റെ ആശീര്‍വാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിന്തുടര്‍ന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല. കേരളത്തിന്റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസിന്റെ ഈ ചെയ്തികള്‍ക്ക് മാപ്പു നല്‍കില്ല. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു വരണമെന്നും അദേഹം പറഞ്ഞു.

കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നാണെന്ന് മന്ത്രി ചിഞ്ചു റാണി പ്രതികരിച്ചു. വനിതാ ജനപ്രതിയെയാണ് വഴിയിലിട്ട് കൈകാര്യം ചെയ്തത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും മന്ത്രിമാരുടെ പിന്നാലെ പോയി പ്രകോപനം സൃഷ്ടിക്കുന്നു. കേരളം ആരോഗ്യ മേഖലയില്‍ രാജ്യത്തിനുതന്നെ മാതൃകയായി മുന്നോട്ടുപോകുന്നു. ആ വകുപ്പ് മന്ത്രിക്ക് നേര്‍ക്കാണ് ഇത്തരം അനീതികള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ യുവജന സംഘടനകളുടെ കാടത്ത സമീപനം. കേരള സമൂഹം അതിനെതിരെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിമോചന സമരത്തിന്റെ ഭൂതബാധയാണ് മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കെ എസ് യു തെമ്മാടിക്കൂട്ടം കാണിച്ചതെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സ്ത്രീവിരുദ്ധത പുളയ്ക്കുന്ന ഈ ആണ്‍ വിളയാട്ടത്തിന്, വനിതാ മന്ത്രിയെ വരെ ആക്രമിക്കാന്‍ കാണിച്ച ധാര്‍ഷ്ട്യത്തിന്, അക്രമകാരികള്‍ വലിയ വില നല്‍കേണ്ടി വരും.

അട്ടിമറി സമരം നടത്തി വിജയിക്കാന്‍ കഴിഞ്ഞ കാലമല്ല ജനാധിപത്യ കേരളത്തിന്റെ വര്‍ത്തമാനകാലമെന്ന് അവരെ കേരളസമൂഹം പഠിപ്പിക്കുക തന്നെ ചെയ്യും. അന്നത്തെയാ പഴയ സമരാഭാസം ആവര്‍ത്തിച്ചു കളയാമെന്ന മൗഢ്യത്തിന് ജനാധിപത്യ കേരളം മറുപടി നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com