വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇടതുപക്ഷം, സ്വീകരിച്ചത് വിട്ടുവീഴ്ചയില്ലാത്ത നിലപാട്: മുഖ്യമന്ത്രി

രാജ്യത്ത് മറ്റിടങ്ങളിൽ ന്യൂനപക്ഷം ഭയത്തോടെ ജീവിക്കുന്നത് കണ്ട് കേരളത്തിൽ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ
പിണറായി വിജയൻ
Published on
Updated on

തിരുവനന്തപുരം: വർഗീയ കലാപങ്ങളില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ല. വർഗീയ സംഘർഷം ഇല്ലാത്ത നാടല്ലായിരുന്നു കേരളം. എന്നാൽ ഇപ്പോൾ അത് മാറ്റി നിർത്താൻ കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് മാറി എന്നത് ചോദിക്കേണ്ട ചോദ്യം തന്നെയാണ്. കാരണം വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ന്യൂനപക്ഷ വേട്ടക്കെതിരെ ശബ്ദമുയർത്തുന്നതാണ് ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ കേരളയാത്രാ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കേരള യാത്ര കേവലം ഒരു സംഘടനയുടെ പരിപാടിയായി ചുരുക്കി കാണേണ്ടതില്ല. കാന്തപുരം മുമ്പ് നയിച്ച യാത്രകളിൽ മുന്നോട്ട് വച്ച വിഷയങ്ങൾ ആളുകൾ ഏറ്റെടുത്തതാണ്. നാടിൻ്റെ ഐക്യത്തിന് അത് നൽകിയ ഊർജം ചെറുതല്ല. മനുഷ്യരെ മതത്തിൻ്റെയും ജാതിയുടെയും വംശത്തിൻ്റെയും പേരിൽ അകറ്റി നിർത്താൻ ശ്രമിക്കുന്ന കാലത്ത് ഈ യാത്ര പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ
സുപ്രധാന ചുവടുവെപ്പിനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട ഉദ്ഘാടനം ജനുവരി 24ന്

"മുസ്ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാൻ ശ്രമം നടത്തുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം തുടങ്ങി അതിൻ്റെ ഭാഗമാണ്. ഒരു പ്രത്യേക മത വിഭാഗത്തെ ക്രിമിനൽ ആയി കാണിക്കാനാണ് ശ്രമം. മുസ്ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുൾഡോസർ നീങ്ങുന്നു. ദുർഗകൾ വരെ തകർക്കപ്പെടുന്നു. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നു. അതിന് നിയമനിർമാണം നടക്കുന്നു. ഇതിനെയെല്ലാം എതിർക്കാൻ ഇടതുപക്ഷം തയ്യാറായി. പാർലമെൻ്റിൽ ശക്തമായ നിലപാട് സ്വീകരിച്ചു. മറ്റ് മതക്കാരെ ചേർത്ത് വഖഫ് ബോർഡ് വേണം എന്നാണ് കേന്ദ്ര നിലപാട്. മറ്റ് മത സംവിധാനങ്ങളിൽ ആ മതത്തിൽ പെട്ടവരെ ഉള്ളൂ. ഒരു വേർതിരിവും ഇല്ലാതെയാണ് ഇത്തരം ബോർഡുകൾ കേരളത്തിൽ പ്രവർത്തിക്കുന്നത്.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ന്യൂന പക്ഷങ്ങളെ വേട്ടയാടുന്നുണ്ട്. ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പേരിൽ വേട്ടയാടപെടുന്നു. മുസ്ലീം പുരുഷൻ വിവാഹ ബന്ധം വേർപെടുത്തിയാൽ സിവിൽ കേസിന് പുറമെ ക്രിമിനൽ കേസ് എടുക്കും. രാജ്യവ്യാപകമായി മുസ്ലിം ജനവിഭാഗം വേട്ടയാടപ്പെടുന്നു. ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണവും വർധിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള മത പ്രവർത്തന നിരോധന നിയമം ആക്രമിക്കാനുള്ള ആയുധമാണ്. രാജ്യത്ത് മതനിരപേക്ഷത ശക്തമായി നിലനിൽക്കണം. വർഗീയതയുമായി വിട്ടുവീഴ്ച ചെയ്യരുത്. ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത കൊണ്ട് കഴിയില്ല. ഏത് വർഗീയത ആണെങ്കിലും മൃദുസമീപനം പാടില്ല. മൃദുസമീപനം സ്വീകരിച്ചാൽ അതിൻ്റെ അർത്ഥം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്", മുഖ്യമന്ത്രി

പിണറായി വിജയൻ
വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം! വാസ്കുലൈറ്റിസ് രോഗം ബാധിച്ച വിദ്യാർഥിക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ വഴിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്

രാജ്യത്ത് മറ്റിടങ്ങളിൽ ന്യൂനപക്ഷം ഭയത്തോടെ ജീവിക്കുന്നത് കണ്ട് കേരളത്തിൽ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കേരളത്തിൽ അത്തരമൊരു സ്ഥിതിയില്ല. വർഗീയതയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേരളത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. മറ്റിടങ്ങളിൽ കനൽ എരിയുമ്പോൾ കേരളം ശാന്തി തീരമായി കേരളം മാറുകയാണ്. കേരളത്തിൽ വലിയ വർഗീയ സംഘർഷം കാണാനില്ല. അത് നമ്മൾ സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാട് കൊണ്ടാണെന്നും തീവ്രവാദത്തെയും ഭീകര വാദത്തിനെയും തള്ളി പറഞ്ഞാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു സമുദായത്തിൻ്റെയും അസ്തിത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികൾ ഇല്ലാതാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com