
തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരത്തിന് പോയ മലയാളികൾ കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. 18 പേരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കത്തയച്ചു. മലയാളികളെ രക്ഷിക്കാൻ സത്വര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. മിന്നൽ പ്രളയം ഉണ്ടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യവും മുഖ്യമന്ത്രി അറിയിച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.
അതേസമയം, കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചലിൽ കുടുങ്ങിയ മലയാളികളായ വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് മലയാളി സംഘം ന്യൂസ് മലയാളത്തോട് പറഞ്ഞു. കൽപ്പയിൽ കുടുങ്ങിയ ഇവർക്ക് ഭക്ഷണവും വൈദ്യസഹായവും അടക്കം എത്തിച്ചതായും സംഘം പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് റോഡ് മാർഗമുള്ള യാത്ര അസാധ്യമായതോടെയാണ് 18 അംഗ മലയാളി സംഘം കുടുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റ് 25ന് ആണ് ഇവർ ഡെൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. കഴിഞ്ഞ ജൂൺ മാസം മുതൽക്കുള്ള മഴക്കെടുതി അപകടങ്ങളിൽ 320 പേർക്കാണ് ഹിമാചൽ പ്രദേശിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 166 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മൂലവും, 154 പേർ റോഡപകടങ്ങളിലാണ് മരിച്ചത്.