മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചൻ. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അമുസ്മരിച്ചു.
മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇന്ന് വൈകീട്ട് 4.30 നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വളരെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1968ൽ പെരുമ്പാവൂർ നഗരസഭാ ചെയർമാനായാണ് രാഷ്ട്രീയരംഗത്ത് സജീവമാവുന്നത്. 1982ൽ പെരുമ്പാവൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തുടർന്ന് 1987, 1991, 1996 വർഷങ്ങളിലും തുടർവിജയം കരസ്ഥമാക്കി.
മുൻ കെപിസിസി അധ്യക്ഷനും ദീർഘകാലം യുഡിഎഫ് കൺവീനറും ആയിരുന്നു പി.പി. തങ്കച്ചൻ, മുൻ നിയമസഭാ സ്പീക്കർ സംസ്ഥാന കൃഷിമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2001ൽ സാജു പോളിനോട് പെരുമ്പൂവൂരിൽ നിന്നും 2006ൽ എം.എം. മോനായിയോട് കുന്നത്തുനാട്ടിലും പരാജയപ്പെട്ടു. അതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിന്മാറുകയായിരുന്നു.