പത്തനംതിട്ട: അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി വിട പറഞ്ഞ ആലിന്‍ ഷെറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മല്ലപ്പള്ളിയിലെ വീട്ടിലെത്തി ആലിന്റെ മാതാപിതാക്കളായ ഷെറിൻ അരുൺ ദമ്പതികളേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജും മുഖ്യമന്ത്രിയോടൊപ്പം അലിന്റെ വീട്ടിലെത്തിയിരുന്നു.
പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഓർമയായത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാദാവായാണ്. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ പെടുകയായിരുന്നു ആലിൻ. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനും മാതാപിതാക്കളും കുടുംബം തയ്യാറാവുകയായിരുന്നു. കുടുംബത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതികരണം നടത്തിയത്. ജനിച്ച് പത്ത് മാസം പിന്നിടുമ്പോഴേക്കും ലോകത്തോട് വിട പറയേണ്ടി വന്നെങ്കിലും അഞ്ച് പേർക്ക് ജീവൻ പകുത്ത് നൽകിയാണ് കുഞ്ഞ് ആലിൻ മടങ്ങിയത്.
മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ആലിൻ്റെ അവയവങ്ങൾ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കരൾ കിംസിലും വൃക്കകൾ മെഡിക്കൽ കോളജിലും ഹൃദയവാൽവ് ശ്രീചിത്രയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്.