

ആരോഗ്യ വകുപ്പിലെ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയ വിവാദവ്യക്തിത്വം ദീപക് സിംഗാളിനെ നിയമസഭയിൽ സംരക്ഷിച്ച് മുഖ്യമന്ത്രി വി.ഡി. സതീസൻ. ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറിയായ സിംഗാളിന് എതിരെ നിലവിൽ അഴിമതിക്കേസ് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. താനും ആരോഗ്യ മന്ത്രിയും ഒരുമിച്ചിരുന്നതാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ദീപക് സിംഗാളിൻ്റെ ആരോഗ്യ രംഗത്തെ സംഭാവന എന്താണെന്ന് പറയാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ നിലപാട്. എസ്എംഎ മരുന്ന് വിവാദവും ഇന്ന് സഭയിൽ ഭരണ പ്രതിപക്ഷ തർക്കത്തിന് വഴിവച്ചു.
ആരോഗ്യവകുപ്പിൻ്റെ ടാസ്ക് ഫോഴ്സിൽ ഉൾപ്പെട്ട ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാൾ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി നേരിട്ടിറങ്ങിയാണ് പ്രതിരോധിച്ചത്. ആരോഗ്യമന്ത്രിക്ക് പകരം അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിയത് മുഖ്യമന്ത്രിയാണ്. ടാസ്ക് ഫോഷ്സിൽ ഉൾപ്പെടുത്തിയ ദീപക് സിംഗാളിന് പൂർണ സംരക്ഷണം നൽകിയാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്
ദീപക് സിംഗാളിനെതിരെ നിലവിൽ വിജിലൻസ് കേസ് ഇല്ല, എല്ലാ പരാതികളിലും ക്ലിയറൻസ് കിട്ടിയതാണ്. ഭരണരംഗത്ത് നല്ല പരിചയം ഉള്ളതുകൊണ്ടാണ് ടാസ്ക് ഫോഴ്സിൽ നിയോഗിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ സിംഗാളിനെതിരായ അഴിമതിക്കേസുകളിൽ ക്ലീൻ ചിറ്റ് ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം നിഷേധിച്ചു. പണത്തട്ടിപ്പിനും അഴിമതിക്കും ദീപക് സിംഗാളിനെതിരെ കേസുകളുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. ടാസ്ക് ഫോഴ്സ് രൂപീകരണത്തിലും എസ്എംഎ ജനറിക് മരുന്ന് വിതരണത്തിലും ഒരു അപാകതയും ഇല്ലെന്ന് ഭരണപക്ഷം വാദിച്ചു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.