പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യത്തീറ്റ നിർമിക്കുന്നതിൽ കർഷകർക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായാണ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് നിർവഹിച്ചു.
സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ്‌സിഎസ്‌പി) കീഴിലുള്ള ഗുണഭോക്താക്കൾക്കാണ് പരിശീലനം നൽകുന്നത്. കൂടുമത്സ്യ കൃഷി, ബയോഫ്ളോക് കൃഷിരീതികളിൽ ആവശ്യമായി വരുന്ന മത്സ്യത്തീറ്റ നിർമാണത്തിൽ കർഷകർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ലക്ഷ്യം. എസ്‌സിഎസ്‌പി പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലാകെ പട്ടികജാതി വിഭാഗത്തിൽ പെട്ട മത്സ്യകർഷകർക്ക് കൂടുമത്സ്യ കൃഷി, ബയോഫ്ലോക്ക് കൃഷി എന്നിവയിൽ പരീശീലനവും സഹായവും സിഎംഎഫ്ആർഐ നൽകിവരുന്നുണ്ട്.
പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യത്തീറ്റ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സിഎംഎഫ്ആർഐ നേരത്തെ വികസിപ്പിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തീറ്റയിലടങ്ങിയിട്ടുള്ള ഫിഷ് മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാള ഈച്ചയുടെ ലാർവയാണ് തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നത്. മീനുകളുടെ വളർച്ചയെ സഹായിക്കുന്നതും സുസ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് ഈ തീറ്റ.
മത്സ്യകൃഷിയിൽ തീറ്റയുടെ വില ഒരു പ്രധാന ഘടമകമാണെന്ന് ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇത് മൊത്തം ചിലവിന്റെ 40-60% വരും. കൂടുമത്സ്യ- ബയോ-ഫ്ലോക്ക് മത്സ്യകൃഷിയിൽ നിന്നുള്ള ലാഭം വർദ്ധിപ്പിക്കുന്നതിന് ചിലവ് കുറഞ്ഞ മത്സ്യത്തീറ്റ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ. മധു, ഡോ. വിപിൻ കുമാർ വി.പി., ഡോ. രമ മധു, ഡോ. സനൽ എബനീസർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.