നമ്മുടെ സ്വന്തം ഭായിമാര്‍; കേരളത്തില്‍ മത്സ്യബന്ധനത്തിനു പോകുന്നവരില്‍ 58 ശതമാനവും അതിഥി തൊഴിലാളികള്‍
കൊച്ചി: കേരളത്തിലെ സമുദ്രമത്സ്യ മേഖലയില്‍ അതിഥി തൊഴിലാളികള്‍ വഹിക്കുന്നത് സുപ്രധാന കണ്ടെത്തല്‍. മത്സ്യബന്ധനത്തിന് പോകുന്നവരില്‍ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം. മീന്‍പിടുത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.
ഇന്ത്യന്‍ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴില്‍, ഉപജീവനമാര്‍ഗം, വിഭവ ഉല്‍പ്പാദന രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആര്‍ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകള്‍ സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയില്‍ അവതരിപ്പിച്ചു. തദ്ദേശീയ-ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളും പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുത്തു. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍.
കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്. 78 ശതമാനം വരുമിത്. പ്രധാനമായും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മത്സ്യബന്ധന മേഖലയിലുള്ളത്. സംസ്‌കരണ യൂണിറ്റുകളില്‍ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവര്‍ സമുദ്രമത്സ്യ മേഖലയില്‍ ഉപജീവനം തേടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.
തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ വരുമാനത്തിന്റെ 20-30% സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിര്‍മ്മാണത്തിനും ചെലവഴിക്കുമ്പോള്‍, അതിഥി തൊഴിലാളികള്‍ വരുമാനത്തിന്റെ 75% വരെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് അയ്ക്കുന്നു. തദ്ദേശീയരേക്കാള്‍ കുറഞ്ഞ വരുമാനമാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.
വരുമാനക്കുറവ്, കടബാധ്യത, ഓഫ്-സീസണ്‍ തൊഴിലില്ലായ്മ, വായ്പാ പലിശയുടെ അഭാവം തുടങ്ങിയവയാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകള്‍. സ്വത്വ പ്രതിസന്ധി, വിവേചനം, ഒറ്റപ്പെടല്‍ എന്നിവയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍.
ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ പ്രേരണ, കേരളത്തിലെ ഉയര്‍ന്ന വേതനം, ആവശ്യകത തുടങ്ങിയവയാണ് അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നത്- പഠനം ചൂണ്ടിക്കാട്ടുന്നു.
ശില്‍പശാല സംസ്ഥാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ ആശങ്കകള്‍ ഏറ്റവും മികച്ച രീതിയില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലാണെന്ന് അവര്‍ പറഞ്ഞു.
സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മെച്ചപ്പെട്ട ഭവന നിര്‍മ്മാണം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ പിന്തുണ, ഉപജീവനമാര്‍ഗ്ഗ വൈവിധ്യവല്‍ക്കരണ നടപടികള്‍ എന്നിവയുള്‍പ്പെടെ മത്സ്യത്തൊഴിലാളി ക്ഷേമത്തിനായുള്ള അടിയന്തര നയരൂപീകരണം ആവശ്യമാണെന്ന് ശില്‍പശാല നിര്‍ദേശിച്ചു.
ഡോ. ശ്യാം എസ് സലിം, ഡോ. അനുജ എ ആര്‍, ഡോ ഉമ മഹേശ്വരി ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.