സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി; അന്വേഷണം മുഹമ്മദ് റിയാസിലേക്കും

വീണ മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡിലും വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് ഇ‍ഡി.
മുഹമ്മദ് റിയാസ്, വീണ ടി.
മുഹമ്മദ് റിയാസ്, വീണ ടി.
Published on
Updated on

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകിയേക്കും. വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ ചട്ടലംഘനം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കും. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം നീളും. വീണ മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡിലും വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് ഇ‍ഡി. അതേസമയം, പുറത്തുവരുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നുമാണ് റിയാസിന്റെ പ്രതികരണം.

വീണ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുത്തത് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജരാണ് നന്ദുലാല്‍. 2014 മുതല്‍ വീണ ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് അറിയില്ലെന്നും നന്ദുലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഹവാല ഇടപാടുകള്‍ക്കായുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്കു വേണ്ടിയാണ് വ്യാജ സിം ഉപയോഗിച്ചതെന്നാണ് ഇഡി സംശയിക്കുന്നത്.

മുഹമ്മദ് റിയാസ്, വീണ ടി.
വെള്ള കടലാസില്‍ പേരെഴുതി പതിപ്പിച്ച ഒറ്റമുറി കട! ഇതാണോ വീണയുടെ ലേക്കര്‍ ഇന്ത്യ കമ്പനിയുടെ ഓഫീസ്?

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചും ഇഡി അന്വേഷണം നടത്തുമെന്നാണ് സൂചന. 2021ൽ വീണ ടി, സോളസ് എന്ന പരസ്യ കമ്പനിക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം കൈമാറിയതെന്നാണ് ഇഡി സംശയിക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണമാണോ കമ്പനിക്ക് നൽകിയതെന്നതിലും വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്.

അതേസമയം, ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾക്ക് വിശദമായ മറുപടി നൽകിയതാണെന്നും, തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ,നിയമപരമായി നേരിടാനാകും എന്ന ബോധ്യമുണ്ടെന്നും റിയാസ് പ്രതികരിച്ചു. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് സേവനത്തിനു ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള പത്രവാര്‍ത്ത പച്ചക്കള്ളമാണ്. അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും, നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്. ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

News Malayalam 24x7
newsmalayalam.com