ബേപ്പൂരിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് പതിച്ച കണ്ടെയ്നറുകൾ കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിലെത്താൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കണ്ടെയ്നർ കണ്ടാൽ 200 മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഏതെങ്കിലും വസ്തുക്കളിൽ തൊടരുതെന്നും ജാഗ്രതാനിർദേശമുണ്ട്.
എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമാണ് മുന്നറിയിപ്പുള്ളത്. തിങ്കൾ മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ തീരം തൊടാനാണ് സാധ്യത. കണ്ടെയ്നർ കണ്ടാൽ 200 മീറ്റർ അകലം പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശിച്ചു. കണ്ടെയ്നറുകളെക്കുറിച്ചുള്ള വിവരം 112 ൽ വിളിച്ചറിയിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
അതേസമയം, കപ്പൽ കെട്ടിവലിക്കുന്ന പ്രവർത്തി നാവികസേന ശക്തമാക്കി. കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് കൊച്ചി തീരത്തേയ്ക്ക് അടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് നാവികസേന നേരിട്ടിടപെട്ടത്. കൊച്ചി തീരത്ത് നിന്നുള്ള കപ്പലിന്റെ അകലം വീണ്ടും വർധിപ്പിച്ചു. കരയിൽ നിന്നും 27 നോട്ടികൽ മൈല് ദൂരംമുണ്ടായിരുന്ന കപ്പൽ നിലവിൽ 35 നോട്ടിക്കൽ മൈലാക്കി ഉയർത്തി. ഇതോടെ കപ്പല് കൊച്ചിതീരത്തിന് ഉയർത്തിയിരുന്ന ആശങ്കയൊഴിഞ്ഞു. ടഗ് കപ്പൽ ഉടമകൾ ചോദിച്ച വാടക നൽകാനാകില്ലെന്ന് വാൻഹായി കപ്പൽ ഉടമകൾ അറിയിച്ചതോടെയാണ് ദൗത്യം ഏറ്റെടുത്ത് നാവികസേന രംഗത്തെത്തിയത്.