

ഡൽഹി: ഒദ്യോഗിക വക്താക്കളായി മൂന്ന് പേരെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. മാധ്യമ പ്രവർത്തകൻ സൗരവ് ദാസ് പാർട്ടിയുടെ മുഖ്യ വക്താവാകും. ചലച്ചിത്ര പ്രവർത്തകൻ വിജേത ദാഹിയയും ഐഐടി കാൺപൂർ വിദ്യാർഥി അശുതോഷും സിജെപിയുടെ വക്താക്കളാകും. മൂവരും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ സംഘടനയെ പ്രതിനിധീകരിക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സിജെപി പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രവർത്തനം പുതുതലമുറ നേതാക്കളുടെ നേതൃത്വത്തിലായിരിക്കുമെന്നും അഭിജീത് ദിപ്കെ എക്സിൽ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുപ്പികാനൊരുങ്ങുകയാണ് സിജെപി. ഇതിനായി സിജെപി അഭിജിത് ദീപ്കെ ജൂൺ ആറിന് ഇന്ത്യയിലെത്തും. ജൂൺ ആറിന് ജന്തര്‍ മന്ദിറിലാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്കും രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 5നകം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരത്തിൽ നേരിട്ട് പങ്കുചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വാങ്ചുക് ഇക്കാര്യം അറിയിച്ചത്.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അങ്ങേയറ്റം രാജ്യസ്നേഹികളാണെന്നും രാജ്യത്തിന്റെ നന്മയ്ക്കായി ത്യാഗം ചെയ്യാന്‍ തയ്യാറുള്ളവരാണെന്നും ബോധ്യപ്പെട്ടതിനാലാണ് താന്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് വാങ്ചുക് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. സ്വാഭിമാനമുള്ള ഏതൊരു മന്ത്രിയും ഈ സാഹചര്യത്തിൽ രാജിവയ്ക്കാൻ തയ്യാറാകണമെന്നും വാങ്ചുക് പറഞ്ഞു.
അതേസമയം, പരസ്യപ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണ്. സാമൂഹ മാധ്യമങ്ങളിലടക്കം നിരീക്ഷണം സർക്കാർ ശക്തമാക്കിയിട്ടുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പലതും മനസിൽ കണക്കുകൂട്ടിയാണ് ഡൽഹിയിലേക്ക് വരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്ദറിലെ പ്രതിഷേധത്തിന് ഡൽഹിയിലെത്തിയതിന് ശേഷം അനുമതി തേടുമെന്നാണ് അഭിജീത് അറിയിച്ചത്. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകില്ലെന്ന് പറയുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്.