
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടഞ്ഞതോടെ യുവജന സംഘടനകളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. വാഹനം തടഞ്ഞു പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് മരുതോങ്കര സ്വദേശിയായ വിദ്യാർഥി അബ്ദുൾ ജവാദ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 'ഓമേഗ' എന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനത്തിൽ വന്ന വിദ്യാർഥിയെ ഇടിച്ചിട്ടശേഷം ബസിന്റെ ടയർ ജവാദിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിരന്തരം യാത്രക്കാരുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അപകടം ഉണ്ടാക്കിയ ബസ് റോഡിൽ നിന്നും എടുത്തുമാറ്റാൻ അനുവദിക്കാതെ വഴി തടഞ്ഞു പ്രതിഷേധിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പിന്നാലെയാണ് ഇന്ന് രാവിലെ വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധത്തിനെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന് മുന്നിൽ സമരക്കാർ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകളുടെ സർവീസ് തടയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബസുകൾ തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാൻ സ്വകാര്യ ബസാണ് പൊലീസ് ഉപയോഗിച്ചത്. ഇതോടെ കസ്റ്റഡിയിലെടുത്തവരെ മറ്റുള്ളവർ ബലംപ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നടപടി ആവശ്യപ്പെട്ട് നേരത്തെയും നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജണല്‍ സെന്‍ററിലെ പിജി വിദ്യാര്‍ഥിയാണ് അപകടത്തിൽ മരിച്ച അബ്ദുൾ ജവാദ്. ഓമേഗ ബസ് ഡ്രൈവർക്കെതിരെ ഇന്നലെ തന്നെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു.