"വെള്ളത്തിൽ അലിയുന്നില്ല, റബർ പോലെ വലിയുന്നു"; കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതായി പരാതി
കൊല്ലം: ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയുമായി രോഗികൾ. റബർ പോലെ വളയുന്ന ഗുളിക കഴിച്ചത് മുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് രോഗികൾ പറഞ്ഞു. അസുഖം മൂർച്ഛിച്ചതോടെയാണ് ഗുളികകൾ പരിശോധിച്ചത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിതരണം നിർത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ വ്യക്തമാക്കി.
ക്ലാപ്പനയിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോൾ സക്സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഗുളിക കഴിച്ച പലർക്കും രക്തസമ്മർദം കുറയാതായതോടെയാണ് ഗുളികകൾക്ക് ഗുണനിലവാരമില്ലെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് പകുതിയാക്കി കഴിക്കാൻ ശ്രമിച്ചപ്പോൾ ഗുളിക റബ്ബർ പോലെ വളയുന്നതായി ശ്രദ്ധയിൽ പെട്ടു. ഗുളികയ്ക്ക് റബ്ബർ മണവുo അനുഭവപ്പെടുന്നുണ്ട്. ഗുളിക കഴിച്ച പലർക്കും ശാരീരിക ബുദ്ധിമുട്ടും അനുഭപ്പെട്ടു.
കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേ ഷൻ ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക സംബന്ധിച്ചാണ് പരാതി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിതരണം നിർത്തിയതായ് ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
വെള്ളത്തിൽ ഇട്ട് പരിശോധിച്ചപ്പോഴും ഗുളിക അലിയുന്നില്ല. ക്ലാപ്പന പ്രാഥമിക കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മാത്രം 30000 ഗുളികളാണ് ഇത്തരത്തിൽ എത്തിയത്.സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും ഇതേ ബാച്ചിലുള്ള ഗുളികൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ പരിശോധനകൾക്കായി ഗുളിക ഡ്രഗ്സ് ലാബിലേക്ക് അയച്ചു.