

കോഴിക്കോട് ഭിന്നശേഷിക്കാരായ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള കൂള്‍ ബാര്‍ അടിച്ച് തകര്‍ത്തതായി പരാതി. ചേവായൂര്‍ സ്വദേശിനി ഫാത്തിമത്തുല്‍ ഇര്‍ഫാനയുടെ കൂള്‍ ബാറിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ദമ്പതികള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കഴിഞ്ഞ 2 വര്‍ഷത്തോളമായി കൂള്‍ ബാര്‍ നടത്തുകയാണ് ഭിന്നശേഷിക്കാരിയായ ഫാത്തിമത്തുല്‍ ഇര്‍ഫാനയും കുടുംബവും. ഇക്കഴിഞ്ഞ 26 ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഇര്‍ഫാനയുടെ മധുരിമ കൂള്‍ ബാറിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന അലോഷും സുഹൃത്തുക്കളും ആക്രമിച്ചതയാണ് പരാതി.
2 ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. 4 ദിവസത്തോളമായി സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാത്തതും കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു.
വീടിന് മുന്നില്‍ ആരോ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജന്മനാ സംസാര - ശ്രവണ പരിമിതിയുള്ള ഫാത്തിമത്തുല്‍ ഇര്‍ഫാനയുടെയും ഭര്‍ത്താവിന്റെയും ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. കുടുംബം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.