രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം പരാതിയിൽ അന്വേഷണം നടക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല. എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ലെന്നും കെ. മുരളീധരൻ. പരാതി ലഭിച്ച സ്ഥിതിക്ക് സർക്കാറിന് നിലപാട് എടുക്കാം. കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും മുരളീധരൻ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നുള്ള ചോദ്യത്തിന് തുടർനടപടികൾ നോക്കി പാർട്ടി തീരുമാനം എടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ ഇപ്പോഴും അസംബ്ലിയിൽ ഉണ്ട്. രാഹുലിനെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായാൽ അതിനനുസരിച്ച് പാർട്ടി നിലപാട് എടുക്കും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും സ്വാഭാവികമായും മാറി നിൽക്കേണ്ടിവരും. പാർട്ടിയിൽ ഇതുവരെ ആശയക്കുഴപ്പമില്ല. കെപിസിസി പ്രസിഡണ്ട് നിലപാട് പറഞ്ഞിട്ടുണ്ട്. പുറത്താക്കിയ അന്ന് മുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനേയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. പിന്നാലെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.