പത്തനംതിട്ട: ഗർഭാശയത്തിലെ ഫൈബ്രോയിഡ് നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതര പിഴവെന്ന് പരാതി. പന്തളം ചിത്ര ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് ഉണ്ടായിരിക്കുന്നതെന്ന് കരുനാഗപ്പള്ളി സ്വദേശി ദീപ്തി ന്യൂസ് മലയാളത്തോട് പറഞ്ഞു. ദീപ്തിയുടെ കുടലിൽ ആഴത്തിലുള്ള ദ്വാരം വീണതിനെ തുടർന്ന് രണ്ടു മാസമായി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതോടെ ഇനി കുട്ടികൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ദീപ്തി പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 29 നാണ് ഗർഭാശയത്തിലെ രണ്ട് ഫൈബ്രോയിഡും ഓവറിയിലെ ഒട്ടലും ചികിത്സിക്കാനായി ദീപ്തി പന്തളത്തുള്ള ചിത്രാ ആശുപത്രിയിലെത്തുന്നത്. പിന്നാലെ ദീപ്തി സർജറിക്ക് വിധേയയായി. നട്ടെല്ലിന് ഇൻജെക്ഷൻ നൽകിയായിരുന്നു സർജറി. സർജറി കഴിഞ്ഞ് നാലാം ദിവസം രാത്രി വൈറ്റിൽ ഘടിപ്പിച്ചിരുന്ന ട്യൂബിലൂടെ വെള്ളം പോലുള്ള ദ്രാവകം പുറത്തേക്ക് എത്താൻ തുടങ്ങി ഒപ്പം കടുത്ത വേദനയും. വേദന കലശലായതോടെ വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും നൽകി തുടങ്ങി.
ഏഴാം ദിവസവും വേദന തുടർന്നത്തോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് പരാതി പറഞ്ഞു. അപ്പോഴാണ് ശസ്ത്രക്രിയയ്ക്കിടെ കുടലിൽ ദ്വാരം വീണെന്നുള്ള വിവരം അറിയിച്ചത്. വയറ്റിനുള്ളിൽ കുറച്ചു രക്തം കാണും, അത് സാരമുള്ളതല്ലെന്നും ഡോക്ടർ ആനന്ദ് പറഞ്ഞു.
പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോയ ദീപ്തിയുടെ വയറ്റിൽ ഗുരുതരമായ അണുബാധയുണ്ടായി, മുറിവുകൾ പഴുത്തു. ഉടൻ തന്നെ ദീപ്തിയെ പരുമല ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരുമല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചെറുകുടലിനും വൻകുടലിനും ഗുരുതരമായ മുറിവുകൾ ഉണ്ടെന്നും അണുബാധയുണ്ടായി കുടൽ പഴുത്തു വീർത്തെന്നും കണ്ടെത്തിയത്. അതായത് ഡോക്ടർ ആനന്ദ് പറഞ്ഞതിൽ കൂടുതൽ ദ്വാരങ്ങൾ ചെറുകുടലിലും വൻ കുടലിലും ഉണ്ടായിരുന്നു. ചിത്ര ആശുപത്രിയിലെ ഡോക്ടർമാരായ ആനന്ദ്, സതീഷ്, ജയചന്ദ്രൻ എന്നിവരാണ് ശാസ്ത്രക്രിയ നടത്തിയതെന്നും ദീപ്തിയുടെ കുടുംബം പറയുന്നു.
അതിനിടെ പരുമല ആശുപത്രിയിൽ ചികിത്സ തുടങ്ങുമ്പോഴും ദീപ്തിയുടെ മൂത്രത്തിലൂടെയും ഛർദിയിലൂടെയും പഴുപ്പ് പുറത്തേക്ക് എത്താൻ തുടങ്ങി. പിന്നീട് ഡോക്ടർമാർ ഇൻഫെക്ഷൻ ആയ കുടൽ വയറിന്റെ പുറത്തേക്കു മാറ്റി. മുറിവ് ഉണങ്ങിയതിനു ശേഷം ആറുമാസം കഴിഞ്ഞ് കുടൽ വയറ്റിനുള്ളിലേക്ക് മാറ്റി വെയ്ക്കാമെന്നും പറഞ്ഞു.
പക്ഷേ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ഇനി ഒരിക്കലും തനിക്കു കുട്ടികൾ ഉണ്ടാകില്ലെന്ന സങ്കടവും ദീപ്തി പങ്കുവെച്ചു. ചിത്ര ആശുപത്രിയിലെ ഡോക്ടർമാർക്ക് എതിരെ പന്തളം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. കൂടാതെ ജില്ല മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. അതേസമയം ചികിത്സാ പിഴവിനെ കുറിച്ച് ആശുപത്രി അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയെങ്കിലും മറുപടി ലഭിച്ചില്ല.