തൃശൂർ: ചേലക്കരയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കെഎസ്‌യു നേതാവിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. കിള്ളിമംഗലം സഹകരണ ബാങ്കിനും പ്രാദേശിക നേതൃത്വത്തിനും എതിരെയാണ് ആരോപണം. കെഎസ്‌യു ജില്ല വൈസ്. പ്രസിഡന്റ് ഗണേശ് ആറ്റൂരിനെയാണ് ബാങ്കിലെ താത്കാലിക ഡ്രൈവർ തസ്തികയിൽ നിന്നും ഒഴിവാക്കിയത്. സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും.
പണം വാങ്ങി ഇഷ്ടക്കാരെ നിയമിക്കുന്നതിനാണ് ഭരണസമിതിയും പ്രാദേശിക നേതൃത്വവും ഗണേശിനെ ഒഴിവാക്കിയതെന്നാണ് കോൺഗ്രസിനുള്ളിൽ തന്നെ ഉയരുന്ന വിമർശനം. ഗണേഷ് ആറ്റൂരിനെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ കിള്ളിമംഗലം സഹകരണ ബാങ്ക് ഭരണ സമിതിയെയും പ്രാദേശിക നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറും രംഗത്തെത്തി.
ആലോഷ്യസ് സേവ്യറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
"കെഎസ്‍യു പ്രവർത്തകരെ കൈവിട്ടു കോൺഗ്രസ്" എന്നൊരു വാർത്ത മാധ്യമങ്ങളിൽ കാണുവാൻ ഇടയായി....!
കെഎസ്‍യു പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി തരുന്ന സംരക്ഷണം അളക്കാൻ ഒരു മാധ്യമങ്ങളും മുന്നോട്ട് വരേണ്ടതായില്ല....!
കേരളത്തിൽ ആകമാനം എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങളുടെ കൊടിയ മർദ്ദനങ്ങളെയും, സിപിഎമ്മിന്റെ തൊഴിലാളി സംഘടന പോലെ പ്രവർത്തിക്കുന്ന പോലീസിനെയും ഒരുപോലെ നേരിട്ടുകൊണ്ടാണ് കേരളത്തിൽ ആകമാനമുള്ള കലാലയങ്ങളിൽ കെഎസ്‍യു പ്രവർത്തകർ മുന്നോട്ട് പോകുന്നത്....!
കൊടിയമർദ്ദനങ്ങൾ ഏൽക്കുമെന്ന് അറിഞ്ഞിട്ടും, കേസുകളിൽ പ്രതിയാകുമെന്നും ജയിലിൽ അടയ്ക്കപ്പെടുമെന്നും അറിഞ്ഞിട്ടും കലാലയങ്ങളിൽ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നവരാണ് കെഎസ്‍യു സഹപ്രവർത്തകർ....!
അതിന്റെ ഭാഗമായി തന്നെയാണ് വലിയ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു വിനും - എം എസ് എഫ് നും ഒറ്റക്കും, മുന്നണി അടിസ്ഥാനത്തിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതും.
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിന്റെ ഒന്നും മുന്നിൽ പകച്ചു നിൽക്കാതെ ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ടുപോകുന്ന കെഎസ്‌യു പ്രവർത്തകർ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കേരള സമൂഹം ഒന്നാകെ ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്, രാഷ്ട്രീയ കേസിന്റെ പുറത്ത് എന്റെ സഹപ്രവർത്തകരെ മുഖംമൂടിയണിയിച്ച്, കൈ വിലങ്ങുകൾ വച്ച് കോടതിയിൽ ഹാജരാക്കിയത് കേരള സമൂഹം ഒന്നാകെ പ്രതികരിച്ച ഒരു വിഷയമാണ്....!
എല്ലാം ഏറ്റുവാങ്ങിക്കൊണ്ട് എല്ലാം സഹിച്ചുകൊണ്ട്, സംഘടനാ പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന എന്റെ പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി വേണ്ട സംരക്ഷണം കൊടുക്കുന്നുണ്ട് എന്ന കൃത്യമായ ബോധ്യവുമുണ്ട് ...!
എന്നാൽ തൃശ്ശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ തലപ്പത്തിരിക്കുന്ന ചില മേലാളന്മാർക്ക്, ശീതീകരിച്ച മുറിയിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന സുഖവും, ഇന്നോവ കാറിലെ യാത്രയും മാത്രമേ അറിയൂ, കലാലയങ്ങളിലും കേരളത്തിന്റെ തെരുവോരങ്ങളിലും കെഎസ്‌യു പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവർക്കറിയില്ല… അതുകൊണ്ടുതന്നെയാണ് ഗണേഷ് ആറ്റൂരിനെ പോലുള്ള കുറെ കെ എസ് യു നേതാക്കന്മാരുടെ ഉപജീവനമായ സഹകരണ ബാങ്ക് ജോലിയിൽ നിന്നും നീക്കുന്നതായിട്ടുള്ള നടപടിയിലേക്ക് ചില ബാങ്ക് പ്രസിഡന്റ്മാർ മുന്നോട്ട് പോകുന്നത് ....!
ഇതൊരു ഭീഷണിയോ വെല്ലുവിളിയോ ആയി ആരും കണക്കാക്കേണ്ട, ഞാൻ കെഎസ്‌യു പ്രസിഡൻ്റായിരിക്കുന്ന കാലത്തോളം എന്റെ പ്രവർത്തകരുടെ സംരക്ഷണം എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു...!അതുകൊണ്ടുതന്നെ അവർക്കുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും എന്റെ പ്രശ്നങ്ങൾ ആയി മാറും....!
അവരുടെ നീതിക്കായി ഉയരുന്ന ആദ്യത്തെ കൊടി കെഎസ്‍യു വിന്റെ കൊടിയായിരിക്കും,അവർക്കുവേണ്ടി ആദ്യം ഉയരുന്ന ശബ്ദം എന്റെ ശബ്ദം ആയിരിക്കും....!
ഞങ്ങളുടെ സഹപ്രവർത്തകരോടുള്ള നീതി നിഷേധത്തിൽ നിന്നും പിന്മാറുന്നില്ല എന്നുണ്ടെങ്കിൽ, മുന്നോട്ട് എന്തുചെയ്യണമെന്നും ബോധ്യമുള്ള ആളുകൾ ആണ് ഞങ്ങൾ…
- അലോഷ്യസ് സേവ്യർകെ എസ് യു സംസ്ഥാന പ്രസിഡന്റ്