

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി ഒൻപത് മാസം പ്രായമുള്ള ലുക്കീമിയ ബാധിതനായ കുഞ്ഞിന്റെ മാതാപിതാക്കൾ രംഗത്ത്. ജീവനക്കാരുടെ അശ്രദ്ധയാണ് മകന്റെ ആരോഗ്യനില അപകടത്തിലാക്കിയതെന്ന് കുഞ്ഞിന്റെ അച്ഛനും അമ്മയും. കുട്ടിയ്ക്ക് കാനുല ഇട്ടപ്പോൾ അണുവിമുക്തമാക്കിയില്ലെന്ന് മാതാപിതാക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. നഴ്സിങ് സ്റ്റാഫ് നടത്തിയ രക്തസമ്മർദ്ദ പരിശോധനയിലും അശ്രദ്ധയുണ്ടായെന്നും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. തുടർന്ന് കുഞ്ഞിന് അസഹനീയമായ വേദനയും കൈയിൽ നീർക്കെട്ടും അനുഭവപ്പെട്ടതായും കുടുംബം.
നിരന്തരം പരാതി അറിയിച്ചിട്ടും ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ ഇടപെടൽ ഉണ്ടായില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുഞ്ഞിന്റെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ ഇടപെട്ടത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണെന്നും കുടുംബം പറയുന്നു. ഇതിനിടെ കുഞ്ഞിന്റെ കൈയുടെ നിറം മാറി കൈ വീർത്തുവരികയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൈയിലെ അണുബാധ ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ കുഞ്ഞ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
സംഭവത്തിൽ ആരോഗ്യമന്ത്രിക്കും റീജിയണൽ ക്യാൻസർ സെന്റർ ഡയറക്ടർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി ആർ.സി.സി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, കുഞ്ഞിന്റെ കൈയിലുണ്ടായ അണുബാധയുടെ കാരണം സംബന്ധിച്ച് പത്തോളജി വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത വരികയുള്ളൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.