

കോഴിക്കോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ (ഇവിഎം) തിരിമറി വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.
EVM തിരിമറി നടത്താമെന്ന വാഗ്ദാനവുമായി എത്തിയ ഏജന്‍സിയെ മുന്‍ ലീഗ് നേതാവ് കുന്നത്ത് മുഹമ്മദ് നേതൃത്വവുമായി ബന്ധിപ്പിച്ചുവെന്നായിരുന്നു കെടി ജലീലിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അറിവ് ലഭിച്ചിട്ടും അത് വര്‍ഷങ്ങളോളം രഹസ്യമായി സൂക്ഷിച്ചത് എന്തിനായിരുന്നു എന്നാണ് ദുല്‍ഖിഫില്‍ ചോദ്യം ഉന്നയിക്കുന്നത്.
കെടി ജലീല്‍ ചെയ്തത് ഗുരുതരമായ നിയമലംഘനവും കൃത്യവിലോപവുമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കെടി ജലീലിനെയും കുന്നത്ത് മുഹമ്മദിനെയും ചോദ്യം ചെയ്യണമെന്നും ദുല്‍ഖിഫില്‍ പരാതിയില്‍ ആവശ്യപ്പെട്ടു. തിരിമറി വാഗ്ദാനം നടത്തിയ ഏജന്‍സിയെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും മറിച്ച് വ്യാജ പ്രചാരണമാണെങ്കില്‍ കെ ടി ജലീലിനെതിരെ നടപടി വേണമെന്നും വിപി ദുല്‍ഖിഫിലിന്റെ പരാതിയില്‍ പറയുന്നു.