തൃശൂർ: മറ്റത്തൂരിലെ കോൺഗ്രസ് -ബിജെപി സഖ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മനുഷ്യാവകാശ സംരക്ഷണ സംഘടനാ ജനറൽ സെക്രട്ടറി ജോയി കൈതാരം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ടായ സഖ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തിൽ കോൺഗ്രസ് മെമ്പർമാർക്ക് അന്ത്യശാസനവുമായി തൃശൂർ ഡിസിസി പ്രസിഡൻ്റ് കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു. എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കിൽ അയോഗ്യരാക്കും എന്നായിരുന്നു ജോസഫ് ടാജറ്റ് നൽകിയ മുന്നറിയിപ്പ്. രാജിവച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാൽ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയിൽ നിന്ന് പിന്നോട്ട് പോകൂ എന്നും ടാജറ്റ് പറഞ്ഞിരുന്നു.
എന്നാൽ ഡിസിസിയുടെ അന്ത്യശാസനം തള്ളി മറ്റത്തൂരിലെ ബിജെപി സഖ്യ നേതാക്കളും പ്രതികരിച്ചു. രാജിവെക്കാൻ ഇല്ലെന്ന് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു.മറ്റത്തൂരിൽ ബിജെപിയുമായി ഒരുതരത്തിലുള്ള കൂട്ടുകെട്ടും ഉണ്ടായിട്ടില്ലെന്നാണ് ടി.എം. ചന്ദ്രൻ്റെ വാദം.