

കോട്ടയം: റോബിൻ ബസ് വീണ്ടും മോട്ടോർ വാഹന വകുപ്പ് തടഞ്ഞതായി പരാതി. ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ടയിൽ വച്ച് എംവിഡി ഉദ്യോഗസ്ഥർ തടഞ്ഞതായാണ് ആരോപണം. ബസ് ഉടമ റോബിൻ ഗിരീഷും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. ബസിന് പെർമിറ്റ് ഇല്ലെന്നാണ് കാരണം പറഞ്ഞത്. എന്നാൽ ഓഗസ്‌റ്റ് വരെ പെർമിറ്റുണ്ടെന്നാണ് ഗിരീഷിൻ്റെ വാദം. പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ലെന്ന് റോബിൻ ഗിരീഷ് പറഞ്ഞു.
പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നൽകാൻ മാത്രമേ സാധിക്കൂ. എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോൾ നാല് ബസുകളുണ്ട്. ഒരു ബസിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നതെന്നും ഗിരീഷ് പറഞ്ഞു.
കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഫീസ് അടച്ചിട്ടില്ലെന്ന് ആർടിഒ ജയരാജ് വിശദീകരിച്ചു. ഫീസ് അടച്ചാൽ മാത്രമാണ് പെർമിറ്റ് നൽകാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.