തൃശൂർ: വേടന് എതിരായ പരാതികളും വിവാദങ്ങളും കുടുംബത്തെ ഏറെ ബാധിച്ചുവെന്ന് സഹോദരൻ ഹരിദാസ് മുരളി. തുടർച്ചയായി ഉണ്ടാകുന്ന പരാതികൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഹരിദാസ് മുരളിയുടെ ആരോപണം. സാധാരണക്കാരൻ എന്ന നിലയിൽ വലിയ പേടിയുണ്ടെന്നും, പേടിയെ തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും വേടൻ്റെ സഹോദരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. വേടൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും ഹരിദാസ് മുരളി ചൂണ്ടിക്കാട്ടി.
വിവാദങ്ങളും പരാതികളും ഉയരുന്നതിന് പിന്നാലെ വാടകവീട്ടിൽ പോലും സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹരിദാസ് മുരളി പറയുന്നു. പൊതുസമൂഹത്തിൽ നിന്നും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ഹരിദാസ് പറയുന്നു. കേസിന് പുറകെ കേസായി പുതിയ പരാതികൾ വരികയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്ന അന്നും പരാതികൾ ഉണ്ടായി. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയത്തെ തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ആരെങ്കിലുമൊക്കെ തങ്ങളെ ലക്ഷ്യം വെക്കുന്നുണ്ടോ എന്ന സംശയമുണ്ട് അക്കാര്യം കൂടി അറിയുന്നതിനാണ് പരാതി നൽകിയതെന്നും ഹരിദാസ് വ്യക്തമാക്കി.
വേടനെതിരെയുള്ള പരാതികൾ കുടുംബാംഗങ്ങളെ വരെ ബാധിക്കുന്നുണ്ടെന്ന് ഹരിദാസ് പറഞ്ഞു. അച്ഛൻ രണ്ടു തവണ ഹാർട്ട് അറ്റാക്ക് കഴിഞ്ഞയാളാണ്. നിരവധി ആളുകളാണ് അനിയത്തിയോട് വരെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്. വേടൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ഡോക്ടർ അംബേദ്കറും അയ്യൻകാളിയും അടക്കമുള്ള ആളുകളെ പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ. അമ്മമാരും കുടുംബങ്ങളും ഒരു സമൂഹവും ഒന്നാകെ വീടിനെ പിന്തുണയ്ക്കുന്നത് കൊണ്ട് മാത്രമാണ് തങ്ങൾ നിലനിന്നു പോകുന്നതെന്നും വേടൻ്റെ സഹോദരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വേടനെതിരായ പരാതികളിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിൽ. വേടൻ്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം, യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വിട്ടയച്ചു.