തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കൾക്കിടയിൽ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ പരിപാടി കഴിഞ്ഞ് മടങ്ങവേ ഇരുവരോടും യാത്ര പറയാതെയാണ് മോദി മടങ്ങിയത്. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾക്ക് ഹസ്തദാനം നൽകിയും സംസാരിച്ചുമാണ് നരേന്ദ്ര മോദി വേദിയിൽ നിന്നും മടങ്ങിയത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പുറത്തുവന്ന വീഡിയോകളിൽ മോദി മറ്റ് നേതാക്കളോട് സംസാരിക്കുന്നതും ഹസ്തദാനം നൽകുന്നതും ഫോട്ടോകൾ എടുക്കുന്നതും കാണാം. എന്നാൽ, സഹപ്രവർത്തകർക്കൊപ്പം നിൽക്കാതെ ശ്രീലേഖ വേദിയിൽ മാറി നിൽക്കുന്നതും ശേഷം വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും വീഡിയോയിലുണ്ട്. കെ. സുരേന്ദ്രനും ഹസ്തദാനം നൽകാതെയാണ് മോദി മടങ്ങിയത്. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ക്ക് കൈകൊടുത്ത് കുശലം പറഞ്ഞ പ്രധാനമന്ത്രി സുരേന്ദ്രന് മാത്രം കൈകൊടുക്കാത്തതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മേയർ പ്രഖ്യാപനത്തിന് പിന്നാലെ പല തവണ ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ തുറന്നടിച്ച് തൻ്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആദ്യം താൻ മത്സരിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞിരുന്നു. മേയർ, ഡെപ്യൂട്ടി മേയർ അധകാരമേൽക്കൽ ചടങ്ങ് പൂർത്തിയാകും മുൻപ് ശ്രീലേഖ ഇറങ്ങിപ്പോയതും വിവാദമായിരുന്നു.