തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ക്രൂരമർദനത്തിന് ഇരായായ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വർഗീസ് ചൊവ്വന്നൂർ. കുന്നംകുളം സ്റ്റേഷനിൽ ഇപ്പോഴും ഇടിമുറികൾ ഉണ്ട്. സ്റ്റേഷനു മുകളിലെ നിലയിൽ ഒരു സിസിടിവി ക്യാമറ പോലുമില്ല, സ്റ്റേഷനിലെ പഴയ സിഐ ഓഫീസ് വലിയ ഇടിമുറിയാണെന്നും വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.
സ്റ്റേഷനിൽ മനുഷ്യാവകാശ ലംഘനം അവിടെ നടക്കുന്നത്. എന്നാണ് മരണം സംഭവിക്കുക എന്ന് പോലും അറിയില്ല. കേസ് അവസാനിപ്പിക്കാൻ പോലീസ് പലതവണ സ്വാധീനിക്കാൻ ശ്രമിച്ചതായും വർഗീസ് വ്യക്തമാക്കി. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇടിമുറികളുണ്ട്. രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരന് ക്രൂരമായ മർദനമാണ് അവിടെ നിന്ന് നേരിടേണ്ടിവരുന്നത്. പാർട്ടിയും നേതാക്കളും ഒപ്പമുണ്ടായിരുന്നതിനാൽ പ്രതിസന്ധികൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഷാഫി പറമ്പിലിനെ ഓഫീസിൽ പോയി കണ്ടപ്പോൾ നിയമസഭയിൽ ചോദ്യം ഉന്നയിക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വടകര തെരഞ്ഞെടുപ്പ് തിരക്കിൽ പെട്ടുപോയതിനാലാണ് ഷാഫിക്ക് അതിന് കഴിയാതിരുന്നത്. അന്ന് കേസിൽ ഇടപെടുന്നില്ലെന്നു തോന്നിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം അറിയിച്ചിരുന്നു. അതൊരു വൈകാരിക പ്രതികരണമായിരുന്നു. വളരെ ചെറുപ്പം മുതൽ സുജിത്തിനെ അറിയാം , സുജിത്ത് മദ്യപിക്കില്ലെന്ന് നന്നായി അറിയാമായിരുന്നുവെന്നും വർഗീസ് ചൊവ്വന്നൂർ വ്യക്തമാക്കി.