അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആക്കണം, സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്; കൊച്ചിയിൽ യോഗം ചേർന്നു
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡൻ്റ് ആക്കണം എന്ന് ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വയ്ക്കാനാണ് തീരുമാനം. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പിൻറെ സമ്മർദ്ദനീക്കം.
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ബിനു ചുള്ളിയിലിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. അതിൽ ഷാഫി പറമ്പിൽ പക്ഷത്തിന് എതിർപ്പില്ലെന്നാണ് സൂചന. കെ.സി. വേണുഗോപാൽ പക്ഷത്തോടൊപ്പം ഷാഫി പറമ്പിൽ ചേർന്നതായാണ് വിവരം. ലൈംഗികാരോപണ വിവാദങ്ങളിൽ പെട്ട രാഹുലിന് പരോക്ഷ പിന്തുണ നൽകിയത് കെ.സി. വേണുഗോപാൽ പക്ഷമായിരുന്നു. പ്രത്യുപകാരമായി കെ.സി. പക്ഷത്തെ ബിനു ചുള്ളിയിലിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കാനാണ് നീക്കം. പ്രഖ്യാപനം കെപിസിസി പുനഃസംഘടന പട്ടികയ്ക്കൊപ്പമെന്ന് സൂചന.