

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സർക്കാരിനെതിരെ പുതിയ ക്യാംപയിനുമായി കോൺഗ്രസ്. ഇനി 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് കോൺഗ്രസ് ഈ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപത്തെ വിവാദ പരാമർശത്തെ തന്നെ അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതിപക്ഷം പ്രത്യേക ഡിജിറ്റൽ ഫസ്റ്റ് ക്യാംപയിൻ ആരംഭിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി ചാർജ്‌ഷീറ്റ് പുറത്തിറക്കാനാണ് തീരുമാനം.
'അനീതിയുടെ കസേരകൾ ഇളകും. ഇനി കടക്ക് പുറത്ത് കാലം'- കാലം എന്ന ക്യാപ്ഷനോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.. 'പിണറായി സർക്കാർ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങൾ കൂടി മാത്രം'- എന്നാണ് പോസ്റ്റിലെ വാചകങ്ങൾ. എഐ വീഡിയോയിലൂടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന ക്യാംപയിനും കോൺഗ്രസ് നടത്തിയിരുന്നു.
ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ്സൈറ്റും ആരംഭിക്കും. പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. പൊതുജന പങ്കാളിത്തം അടക്കം ഉറപ്പാക്കി എൽഡിഎഫിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.