മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം...
കെ.പി. ഉണ്ണികൃഷ്ണൻ
കെ.പി. ഉണ്ണികൃഷ്ണൻSource: Files
Published on
Updated on

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.

1971 മുതൽ 96 വരെ വടകരയിൽ നിന്നും ലോക്സഭാംഗമായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ, കോഴിക്കോട് കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഇ. കുഞ്ഞിക്കണ്ണൻ നായരുടെയും കെ.പി. അമ്മുക്കുട്ടിയുടെയും മൂത്ത മകനാണ്. ജനനം 1936 സെപ്തംബർ 20. പത്താം ക്ലാസുവരെ കൊയിലാണ്ടി ഹൈസ്കൂളിൽ പഠിച്ച ഉണ്ണികൃഷ്ണൻ, തുടർ പഠനത്തിനായി മദ്രാസിലേക്ക് പോയി. ഇവിടെ നിന്നുമാണ് ഉണ്ണികൃഷ്ണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. മദ്രാസിലെ ക്രിസ്ത്യൻ കോളേജ് പഠനകാലത്ത് സോഷ്യലിസ്റ്റ് നേതാക്കളുമായുള്ള അടുപ്പം അദ്ദേഹത്തെ സോഷ്യലിസ്റ്റാക്കി. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായി. യങ്ങ് സോഷ്യലിസ്റ്റ് ലീഗ് പിന്നീട് സമാജ്വാദി യുവക് സഭ ആയപ്പോൾ അതിന്റെ സെക്രട്ടറിമാരിൽ ഒരാളായും ഉണ്ണികൃഷ്ണൻ മാറി. 1957ൽ മോസ്കോയിൽ നടന്ന ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. 1959ൽ ഡോ. റാം മനോഹർ ലോഹ്യയുടെ അന്ധമായ നെഹ്‌റു വിരോധത്തിൽ വിയോജിച്ച് കോൺഗ്രസിൽ ചേർന്നു.

കെ.പി. ഉണ്ണികൃഷ്ണൻ
അനന്തപുരിയിൽ ഇന്ന് ആറ്റുകാൽ പൊങ്കാല; ഒഴുകിയെത്തുന്നത് ഭക്തലക്ഷങ്ങൾ; ജില്ലയിൽ പൊതു അവധി

ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം എഐസിസി ഓഫീസിലായിരുന്നു ആദ്യ ചുമതല. ഇതിനിടെ പാർട്ടിയിൽ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ ചേരിയായ കോൺഗ്രസ് ഫോറം ഫോർ സോഷ്യലിസ്റ്റ് ആക്ഷൻ എന്ന ഗ്രൂപ്പിലും ഉണ്ണികൃഷ്ണൻ സജീവമായി. 1962 ൽ വി.കെ. കൃഷ്ണമേനോൻ്റെ സഹായിയായി മുംബൈയിൽ പ്രവർത്തനം. പിന്നീട് ഇന്ദിരാ ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തിയ നേതാവായി. ഇതിനിടെ 1965ൽ മാതൃഭൂമിയുടെ ഡൽഹി ലേഖകനായും പ്രവർത്തിച്ചു. 1971ൽ ഇന്ദിരാ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് വടകരയിൽ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കുന്നത്. 1975 ജൂൺ 25ന്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഉണ്ണികൃഷ്ണൻ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ നിലപാട് സ്വീകരിച്ചു. ഇത് ഇന്ദിരയും ഉണ്ണികൃഷ്ണനും അകലാൻ കാരണമായി. ശേഷം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് എസിൽ ചേർന്നു. അപ്പോഴും വടകരയിൽ നിന്നും ജയിച്ചത് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. രാജ്യത്തെ പിടിച്ച് കുലുക്കിയ ബോഫോഴ്സ് തോക്ക് ഇടപാട് കേസിൽ, തെളിവുകൾ നിരത്തി രാജീവ് ഗാന്ധിയെ പ്രതിരോധത്തിലാക്കിയത് ഉണ്ണികൃഷ്ണനായിരുന്നു. 1989ൽ വി.പി. സിംഗ് മന്തിസഭയിൽ വാർത്താ വിനിമയം, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി.

കുവൈത്ത് - ഇറാഖ് യുദ്ധത്തിൽ, കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1994ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന ഉണ്ണികൃഷ്ണന് അർഹമായ പരിഗണന പിന്നീട് കിട്ടിയില്ലെന്ന പരാതി അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com