പൊലീസ് ലാത്തി ചാർജില്‍ പരിക്കേറ്റ ആർ. ഇന്ദുചൂഡന്‍
പൊലീസ് ലാത്തി ചാർജില്‍ പരിക്കേറ്റ ആർ. ഇന്ദുചൂഡന്‍Source: Facebook/ Vijay Induchoodan

"അച്ഛനെ പൊതിരെ തല്ലി, നട്ടെല്ലടിച്ചു പൊട്ടിച്ചു"; കോണ്‍ഗ്രസ് നേതാവ് ആർ. ഇന്ദുചൂഡന്‍ നേരിട്ട കൊടിയ പൊലീസ് മർദനം ഓർത്തെടുത്ത് മകന്‍

മന്ത്രിയായിരുന്ന എം.എം. മണിയെ തടഞ്ഞതിന് തനിക്കും അതിക്രൂര മർദനം നേരിട്ടുവെന്ന് വിജയ് ഇന്ദുചൂഡന്‍
Published on

പത്തനംതിട്ട: കോൺഗ്രസ് നേതാവ് ആർ. ഇന്ദുചൂഡൻ മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിജയ് ഇന്ദുചൂഡന്‍. പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനായ വിജയ് ഇന്ദുചൂഡൻ തന്റെ പിതാവിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ച പൊലീസ് ക്രൂരതയെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇന്ദുചൂഡനെ ലക്ഷ്യമാക്കി ലാത്തിവീശി. മന്ത്രിയായിരുന്ന എം.എം. മണിയെ തടഞ്ഞതിന് തനിക്കും അതിക്രൂര മർദനം നേരിട്ടുവെന്ന് വിജയ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ 10ാം തീയതിയാണ് ഇന്ദുചൂഡന്‍ മരിച്ചിട്ട് ഒന്‍പത് വർഷം തികഞ്ഞത്. ഇതിന്റെ ഓർമ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് പിതാവ് നേരിട്ട പൊലീസ് മർദനത്തെക്കുറിച്ച് വിജയ് പരാമർശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയിരിക്കെ അടൂരിൽ നടന്ന ലാത്തി ചാർജില്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ദുചൂഡനെ ലക്ഷ്യം വച്ച് തല്ലി നട്ടെല്ലടിച്ചു പൊട്ടിച്ചുവെന്ന് വിജയ് കുറിപ്പില്‍ പറയുന്നു.

പൊലീസ് ലാത്തി ചാർജില്‍ പരിക്കേറ്റ ആർ. ഇന്ദുചൂഡന്‍
"എസ്എഫ്ഐ നേതാവിനെ കോന്നി സിഐ ക്രൂരമായി മർദിച്ചു"; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ട് പുറത്ത്

"അന്നുതന്നെ അച്ഛനെ ആശുപത്രിയിൽ മാറ്റി. പക്ഷെ തുടർന്നുണ്ടായ മൂന്നാമത്തെ ലാത്തി ചാർജിൽ അച്ഛന്റെ കഴുത്തിനും പെടലിക്കും കൂടി ഭീകരമായ ക്ഷതം സംഭവിച്ചു... ആ ലാത്തി ചാർജ് കഴിഞ്ഞതിൽ പിന്നെ നല്ല ഉയരവും തൂക്കവും ഒക്കെ ഉള്ള ആർ. ഇന്ദുചൂഡൻ തലയോ പെടലിയോ ഒന്നനക്കുവാനോ, തിരിക്കുവാനോ വയ്യാതെ കൂനിപ്പോയീ...," വിജയ് ഓർമിക്കുന്നു.

2016ല്‍ അന്ന് മന്ത്രിയായിരുന്ന എം.എം. മണിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനു ശേഷം തന്നെയും പൊലീസ് അതിക്രൂരമായി മർദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പൊലീസ് ലാത്തി ചാർജില്‍ പരിക്കേറ്റ ആർ. ഇന്ദുചൂഡന്‍
"ബൽറാമിനെതിരെ നടപടി എടുത്തിട്ടില്ല"; ബീഡി - ബിഹാർ പോസ്റ്റ് വിവാദം ജനപിന്തുണയുള്ള നേതാക്കളെ അപഹസിക്കാനെന്ന് കെപിസിസി

"പരിപാടി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ നിന്ന എന്നെ മുത്തൂറ്റ് ആശുപത്രിയുടെ മുൻപിലിട്ട് പോലീസ് പിടിച്ചു, താഴെവീണതും നിലത്തിട്ട് അതി ഭീകരമായി മർദിച്ച് ജീപ്പിലേക്ക് കയറ്റി, ഒരു പോലീസ് പുറകിൽ ഇരുന്ന് തല പിന്നിലോട്ട് വലിച്ചു പിടിച്ച്,ക്യാമ്പിൽ ഉണ്ടായിരുന്ന പോലീസുകാരായിരിക്കാം സൈഡിൽ ഇരുന്ന് കൈകൾ ബലമായി പിടിച്ച് വച്ചു,എന്റെ ഓർമ്മ ശരിയാണെങ്കിൽ ടോർച്ച് ആണെന്ന് തോന്നുന്നു അത് വെച്ച് മുഖത്ത് കൃത്യം കണ്ണിന് താഴെ 2 അടി.. ഒരിഞ്ച് മാറിയിരുന്നെങ്കിൽ കാഴ്ച പോലും നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ അവരെന്നെ ഉപദ്രവിച്ചു...," വിജയ് ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ഇന്ദുചൂഡന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഈ വരുന്ന 10ആം തിയതി അച്ഛൻ മരിച്ചിട്ട് 9 വർഷങ്ങൾ തികയുകയാണ് .ഈ കഴിഞ്ഞ ദിവസങ്ങൾ അത്രയും പോലീസ് മർദ്ദനങ്ങളെ കുറിച്ചാണ് നമ്മൾ കേൾക്കുന്നത്,അതിന് നേതൃത്വം കൊടുക്കുന്ന ഭരണത്തിനെ കുറിച്ചാണ് നമ്മൾ തിരക്കുന്നതും. അത്തരം ക്രൂര മർദനത്തിനിരയായി മരണത്തിലേക്ക് കടന്നുപോയ അച്ഛനെ കുറിച്ച് പലർക്കും അറിയാവുന്നതാണ്..അതിന് മുൻപ്..2016 ൽ പെമ്പിളൈ ഒരുമൈ സംഘടനയെ അവഹേളിച്ച മന്ത്രി എംഎം മണിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിക്കുന്നു ..മന്ത്രി വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു.അതിനു ശേഷം ജില്ലയിൽ പോലീസ് ഒരു മൂന്നാംമുറയ്ക്ക് ഉത്തരവിട്ടു അതും മണി മന്ത്രിയുടെ നിർദേശ പ്രകാരം. മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ചതച്ച് പിടിച്ചു കൊണ്ടുവരാൻ ആയിരുന്നു നീക്കം. പരിപാടി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ നിന്ന എന്നെ മുത്തൂറ്റ് ആശുപത്രിയുടെ മുൻപിലിട്ട് പോലീസ് പിടിച്ചു, താഴെവീണതും നിലത്തിട്ട് അതി ഭീകരമായി മർദിച്ച് ജീപ്പിലേക്ക് കയറ്റി, ഒരു പോലീസ് പുറകിൽ ഇരുന്ന് തല പിന്നിലോട്ട് വലിച്ചു പിടിച്ച്,ക്യാമ്പിൽ ഉണ്ടായിരുന്ന പോലീസുകാരായിരിക്കാം സൈഡിൽ ഇരുന്ന് കൈകൾ ബലമായി പിടിച്ച് വച്ചു,എന്റെ ഓർമ്മ ശരിയാണെങ്കിൽ ടോർച്ച് ആണെന്ന് തോന്നുന്നു അത് വെച്ച് മുഖത്ത് കൃത്യം കണ്ണിന് താഴെ 2 അടി.. ഒരിഞ്ച് മാറിയിരുന്നെങ്കിൽ കാഴ്ച പോലും നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ അവരെന്നെ ഉപദ്രവിച്ചു...സ്റ്റേഷനിൽ കൊണ്ടുപോകാമായിരുന്നിട്ടും അവിടെ കയറാതെ രണ്ട് തവണ ടൗണിലൂടെ ജീപ്പിൽ കറങ്ങി എന്നെ തല്ലി ചതച്ചു, കേവലം ഒരു പ്രതിഷേധത്തിന്റെ പേരിൽ..പരാതി ഒക്കെ മുറയ്ക്ക് പോയെങ്കിലും ഒന്നുമുണ്ടായില്ല. പക്ഷേ ഞാൻ ഓർമ്മിച്ചതിതൊന്നുമല്ല... ജീവിതത്തിൽ അച്ഛൻ വലിയൊരു പ്രതീക്ഷയായിരുന്നു..എന്തുവന്നാലും സ്വന്തം വിൽപവർ കൊണ്ട് വേദനകളെ തള്ളിക്കളയാൻ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്... കെഎസ്‌യു ജില്ലാ പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഒക്കെയായി ജീവിച്ച ആർ.ഇന്ദുചൂഡനെ പഴയ കുടുംബത്തിന്റെ പരാധീനതകൾ ഒന്നും അലട്ടിയതായി എനിക്കറിയില്ല.. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള അദ്ദേഹത്തിന്റെ അച്ഛനും അമ്മയും 2 സഹോദരങ്ങളും... 6അടി 2 ഇഞ്ച് ഉയരം, ആരോഗ്യപരമായും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആയിരിക്കെ അടൂരിൽ നടന്ന ഭയാനകമായ ലാത്തി ചാർജ് ഒരുപക്ഷേ ഇന്നത്തെ ഒട്ടുമിക്ക നേതാക്കൾക്കും സുപരിചിതമാണ്.. ഇന്നത്തെ പോലീസ് മേൽ ഉദ്യോഗസ്ഥൻ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ആ ലാത്തിച്ചാർജ്.. അച്ഛനെ ടാർഗറ്റ് ചെയ്ത് പൊതിരെ തല്ലി നട്ടെല്ലടിച്ചു പൊട്ടിക്കുന്നു.. ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചെടുത്ത ചോര ചീന്തിയ ഒരു വലിയ സമരം.. അന്നുതന്നെ അച്ഛനെ ആശുപത്രിയിൽ മാറ്റി .പക്ഷെ തുടർന്നുണ്ടായ മൂന്നാമത്തെ ലാത്തി ചാർജിൽ അച്ഛന്റെ കഴുത്തിനും പെടലിക്കും കൂടി ഭീകരമായ ക്ഷതം സംഭവിച്ചു.. അതിന് ശേഷം,പിന്നീടങ്ങോട്ട് ഓർമ്മവച്ച ഒരു കാലം പോലും എന്റെ വീട്ടിൽ അച്ഛൻ വേദന കൊണ്ട് പുളഞ്ഞ് അലറി വിളിക്കാത്ത രാത്രികളോ പകലുകളോ ഉണ്ടായിരുന്നില്ല.. എണ്ണിയാലൊടുങ്ങാത്ത മരുന്നിന്റെയും, ആയുർവേദത്തിന്റെയുമൊക്കെ മണം എനിക്ക് സുപരിചിതമായത് അന്നാണ്.. ആശുപത്രിയിൽ പണം അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടിയ നാളുകൾ. മിനിറ്റിന് മിനിറ്റിന് അടിച്ചുവരുന്ന ബില്ലുകളായിരുന്നു ആ കാലത്തെന്റെ അമ്മയുടെ ഏറ്റവും വലിയ പേടിസ്വപ്നം.. ആ ലാത്തി ചാർജ് കഴിഞ്ഞതിൽ പിന്നെ നല്ല ഉയരവും തൂക്കവും ഒക്കെ ഉള്ള ആർ. ഇന്ദുചൂഡൻ തലയോ പെടലിയോ ഒന്നനക്കുവാനോ, തിരിക്കുവാനോ വയ്യാതെ കൂനിപ്പോയീ...അത് ഞങ്ങളെ പോറ്റുന്നതിന് വേണ്ടി വെറും ആയിരം രൂപ ശമ്പളത്തിൽ ജോലി ചെയ്ത് തുടങ്ങി ,ജീവിച്ചിരിക്കെ തന്നെ വിധവയാകേണ്ടി വന്ന എന്റെ അമ്മയുടെ 34ആം വയസ്സു മുതൽ.... വയ്യാതെ, വേദന തിന്ന് ജീവിച്ച നീണ്ട 10-16 വർഷങ്ങൾ ഞാൻ ഒരു കാര്യമേ ആഗ്രഹിച്ചിരുന്നുള്ളൂ.. ഒരു ദിവസമെങ്കിൽ ഒരു ദിവസം അച്ഛനെ പഴയതുപോലെ നിവർന്നു നിർത്താൻ പറ്റിയിട്ട് ഒന്ന് ചേർത്ത് പിടിക്കണമെന്ന്.. അടൂരിൽ നടന്ന ലാത്തി ചാർജിൽ പരി ക്കേറ്റവരുടെ കൂട്ടത്തിൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും, ശ്രീ അടൂർ പ്രകാശും ഉണ്ട്.സമാന ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട പ്രിയപ്പെട്ട ശ്രീ ബാബുപ്രസാദും,പ്രതാപ വർമ തമ്പാനും ശാസ്താംകോട്ട സുധീറും, NG സുരേന്ദ്രനും,അനിൽ തോമസുമടക്കം നേതാക്കൾ. ശ്രീ KC വേണുഗോപാൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാലഘട്ടമായിരുന്നു അത്..അന്നുമുതൽ ഈ മൂന്നാംമുറയുടെ ഒരു സാക്ഷിയെന്ന നിലയിൽ.. ഇന്ദുചൂഡനടക്കം നമ്മൾ രണ്ട് ദിവസമായി സംസാരിക്കുന്ന സുജിത്തും സൈനികനമുൾപ്പടെ സമാനമായ സംഭവങ്ങളുടെ ഇരകളാണ്.... മാനസിക വൈകല്യമുള്ള ഒരുകൂട്ടമാളുകൾ ചതചില്ലാതാക്കുന്നത് ഞങ്ങളെ പോലുള്ള നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ്.... അത്താണിയാണ്....ഒരു കാര്യം പറയാം, എന്ത് വന്നാലും മരണം വരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് തന്നെ പോരാടും...എത്ര മർദ്ദനമുറകൾ ഏൽക്കേണ്ടി വന്നാലും...

News Malayalam 24x7
newsmalayalam.com