"ദേവസ്വം മന്ത്രിമാര്‍ അറിയാതെ അവിടെ ഇലയനങ്ങില്ല, മൂന്ന് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം"; നിലവിലെ ബോര്‍ഡിനെയും പ്രതി ചേര്‍ക്കണമെന്ന് രമേശ് ചെന്നിത്തല

നിലവിലെ സ്വര്‍ണമോഷണത്തില്‍ പോലും എഫ് ഐആറില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് എന്നു മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളു. അങ്ങനെയല്ല വേണ്ടത്. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പേരെടുത്തു പറഞ്ഞു തന്നെ പ്രതിപട്ടികയില്‍ ചേര്‍ക്കണം.
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലSource;Social Media
Published on

തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസില്‍ കഴിഞ്ഞ 10 വര്‍ഷക്കാലം ദേവസ്വം ഭരിച്ച മൂന്നു മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിമാര്‍ അറിയാതെ ദേവസ്വം ബോര്‍ഡില്‍ ഇലയനങ്ങില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെ കൂടി പ്രതി പട്ടികയില്‍ ചേര്‍ക്കണം. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആസൂത്രിത ഉന്നത തല മോഷണങ്ങളുടെ ഗൂഢാലോചനകളില്‍ ദേവസ്വം മന്ത്രിമാരുടെ പങ്ക് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം.

രണ്ട് ദേവസ്വം ബോര്‍ഡുകളിലെയും പ്രസിഡന്റുമാരും അംഗങ്ങളും ഉള്‍പ്പെട്ട സംഘം ഇത്തരം ആസൂത്രിതമായ എല്ലാ കൊള്ളകള്‍ക്കും പിന്നില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. നിലവിലെ സ്വര്‍ണമോഷണത്തില്‍ പോലും എഫ് ഐആറില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് എന്നു മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളു. അങ്ങനെയല്ല വേണ്ടത്. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പേരെടുത്തു പറഞ്ഞു തന്നെ പ്രതിപട്ടികയില്‍ ചേര്‍ക്കണം. അവര്‍ക്കെതിരെ വ്യക്തിപരമായി തന്നെ ചാര്‍ജിടണം. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ കാണിക്ക അടിച്ചു മാറ്റിയവര്‍ എത്ര ഉന്നതരായാലും അവര്‍ അഴിയെണ്ണണം.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കടകംപള്ളി സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, വാസവന്‍ തുടങ്ങി മൂന്നുദേവസ്വം മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇവരിലാര്‍ക്കും ഈ മോഷണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ഇവരില്‍ ഓരോരുത്തരുടെ പങ്കും അന്വേഷിക്കണം. ശബരിമലയുടെ പേരില്‍ നടന്ന വ്യാപക പിരിവ് തട്ടിപ്പ് അന്വേഷിക്കണം. അതില്‍ പണം ആര്‍ക്കൊക്കെ ലഭിച്ചു എന്നത് അന്വേഷണത്തിന് വിധേയമാക്കണം.

കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്രമോഷണമാണ് നടന്നിരിക്കുന്നത്. ഭക്തര്‍ നിത്യവും കാണുന്ന ദ്വാരപാലക ശില്‍പങ്ങളും വാതില്‍പാളിയും വരെ അടിച്ചു മാറ്റാനുള്ള ധൈര്യം ഇവര്‍ കാണിച്ചിട്ടുണ്ടെങ്കില്‍ കണക്കില്ലാതെ വീഴുന്ന കാണിക്കയില്‍ നിന്നൊക്കെ എത്രമാത്രം മോഷണം നടന്നിട്ടുണ്ടാകും എന്നു ഊഹിച്ചു നോക്കിയാല്‍ ഞെട്ടിപ്പോകും. അവിശ്വാസികളായ ഈ സര്‍ക്കാര്‍ ദൈവത്തിന്റെ മുതല്‍ മൊത്തം അടിച്ചുകൊണ്ടു പോവുകയാണ്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ആസുത്രിത ക്ഷേത്ര സ്വര്‍ണമോഷണത്തിന്റെ ചുരുള്‍ മൊത്തം അഴിച്ചേ മതിയാകു.

കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് ഇവര്‍ ചൂഷണം ചെയ്തത്. ആ ഭക്തിയെയാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തിലെ ഭക്തസമൂഹത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംസ്‌കാരത്തെയും ഒറ്റിക്കൊടുത്തിരിക്കുന്നു. ഇവര്‍ക്ക് മാപ്പില്ല. ഇവരെ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം- രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com