കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്. ഷാഫി പറമ്പിലിൻ്റെ മുഖത്താണ് പരിക്കേറ്റത്. പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് ലാത്തി വീശിയത്. ഈ ചോര കൊണ്ട് അയ്യപ്പൻ്റെ സ്വർണ്ണം കട്ടത് മറച്ചു പിടിക്കാൻ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
പൊലീസ് നടത്തിയത് നരനായാട്ട് ആണെന്ന് എം. കെ. രാഘവൻ എംപി പ്രതികരിച്ചു. ഇതിനെതിരെ കോൺഗ്രസും ജനാധിപത്യ ശക്തികളും ജനാധിപത്യപരമായി തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘർഷത്തിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിറ്റുണ്ട്. സ്മോക്‌ഷെൽ പൊട്ടിയാണ് ഡിവൈഎസ്പിക്ക് പരിക്കേറ്റത്. എംപിക്ക് പരിക്കേറ്റതിന് പിന്നാലെ വടകരയിലും പേരാമ്പ്രയിലും യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.