"പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം"; പയ്യന്നൂരിലെ സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം ആയുധമാക്കി കോൺഗ്രസ്

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ
"പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം"; പയ്യന്നൂരിലെ സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം ആയുധമാക്കി കോൺഗ്രസ്
Published on
Updated on

തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം ആയുധമാക്കി കോൺഗ്രസ്. വി. കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിലിലൂടെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാമെന്നും വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സർക്കാർ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ബിജെപിയുടെയും സിപിഐഎമ്മിന്റെയും മുഖ്യശത്രു കോൺഗ്രസാണെന്നും മുഖ്യമന്ത്രിയുടെ തന്നെ ഭാഷയിൽ അവർ ബിജെപിയും സിപിഐഎമ്മും ഒക്കചങ്ങായിമാർ ആണെന്നും സണ്ണി ജോസഫ് പറ‍ഞ്ഞു.

പയ്യന്നൂർ പാർട്ടി ഫണ്ട് തട്ടിപ്പിലൂടെ പുറത്തുവന്നത് ഗുരുതരമായ ക്രമക്കേടാണ്. എന്നിട്ടും ഒരു കേസ് പോലും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശനമുന്നയിച്ചു. സിപിഐഎമ്മിന് എല്ലാം പാർട്ടി കോടതിയാണോ? ഗുരുതരമായ ക്രമക്കേട് അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാത്തത് ഗൗരവമായ കാര്യമാണ്. യൂത്ത് കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദിച്ച ഡിവൈഎഫ്ഐ ഇതിലെന്താണ് പറയുന്നത്? പ്രളയഫണ്ടും കോവിഡ് ഫണ്ടും തട്ടിയെടുക്കാൻ ഒരു മടിയുമില്ലാത്ത പാർട്ടിയാണ് സിപിഐഎം എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഭരണത്തിന്റെ മറവിലെ അഴിമതിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അറിവോടെയാണിതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

"പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം"; പയ്യന്നൂരിലെ സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം ആയുധമാക്കി കോൺഗ്രസ്
പാര്‍ട്ടിക്കെതിരെ ആരോപണം; വി. കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തേക്കും

ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

"ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിട നിർമാണ ഫണ്ടിനായുള്ള രശീതി ടി.ഐ. മധുസൂദനൻ വ്യാജമായി നിർമിച്ചു. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തു. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നത്. നടപടിയെ ഭയപ്പെടുന്നില്ല", കുഞ്ഞികൃഷ്ണൻ്റെ വാക്കുക്ക​ൾ.

അതേസമയം, വെളിപ്പെടുത്തലിൽ വി. കുഞ്ഞികൃഷ്ണന് എതിരെ കടുത്ത നടപടിയിലേക്ക് സിപിഐഎം കടക്കുമെന്നാണ് സൂചന. സിപിഐഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, എം.വി. ജയരാജൻ എന്നിവർ കമ്മിറ്റിയിൽ പങ്കെടുക്കും. വിഷയത്തിൽ കോടിയേരിയുടെ പേര് വലിച്ചിഴച്ചതിലും പാർട്ടിക്കുള്ളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com