കൊച്ചി: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തിൽ ന്യായീകരണവുമായി റോജി എം. ജോൺ എംഎൽഎ. കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നെന്നത് മാധ്യമ വ്യാഖ്യാനമാണ്. യഥാർഥത്തിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിനാണ് പിന്തുണ നൽകിയതെന്നും റോജി എം. ജോൺ എംഎൽഎ ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് എന്നും കോൺഗ്രസ് എടുത്തിരിക്കുന്നത്. തൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. ബിജെപിയുമായി ഒരിക്കലും സമരസപ്പെടില്ല. പാർട്ടി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്നും റോജി എം. ജോൺ വ്യക്താമാക്കി.
"തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി പലയിടത്തും ഇങ്ങനെ നടക്കാറുണ്ട്. സിപിഐഎം എസ്ഡിപിഐയുടെ പിന്തുണയിൽ പലയിടങ്ങളിലും മുൻകാലങ്ങളിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള പല നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ട്. മറ്റത്തൂരിൽ തെറ്റായ പ്രചരണമാണ് ഇപ്പോഴുണ്ടായത്. കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക് പോയി എന്ന പ്രചരണമാണ് ഉണ്ടായത്. എന്നാൽ അത് അങ്ങനെയല്ല. കോൺഗ്രസ് സ്ഥാനാർഥിക്ക് ബിജെപിയുടെ അംഗങ്ങൾ വോട്ട് ചെയ്തതാണ്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു. എന്നാൽ കോൺഗ്രസ് അതിൽ ശക്തമായ നിലപാട് ആണ് സ്വീകരിച്ചത്. ബിജെപിയുടെ ഒരംഗത്തിന്റ വോട്ട് നേടി കോൺഗ്രസിലെ അംഗം ഒരു സ്ഥാനത്ത് ഇരിക്കരുതെന്ന നിലപാടാണ് പാർട്ടിയുടേത്. അതുകൊണ്ട് തന്നെയാണ് ആ സ്ഥാനാർഥി രാജിവച്ചത്", റോജി എം. ജോൺ.
അടുത്ത തെരഞ്ഞെടുപ്പിൽ അങ്കമാലിയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തോട് സർക്കാർ പലപ്പോഴും വിവേചനപരമായ നിലപാടാണ് സ്വീകരിച്ചത്. പരിമിതികളിൽ നിന്നുകൊണ്ടാണ് കോൺഗ്രസ് ജനങ്ങളോടൊപ്പം നിന്നതെന്നും റോജി എം. ജോൺ എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വിജയം കരസ്ഥമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ മിഷൻ 2025ലൂടെ വലിയ വിജയം നേടി. പഞ്ചായത്തുകളിൽ വലിയ വിജയം നേടി. തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ ഭരണത്തിൽ ജനങ്ങൾക്കുള്ള എതിർപ്പ് വ്യക്തമാണ്. സർക്കാരിനെ താഴെയിറക്കണമെന്നാണ് ജനങ്ങൾ പറയുന്നത്. 100 സീറ്റിലധികം സീറ്റുകൾ നേടിക്കൊണ്ട് കോൺഗ്രസ് തിളക്കമാർന്ന വിജയം നേടുമെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.